തിരുവനന്തപുരം: കർക്കടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ബലിയിടാനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചയോടെ തന്നെ ഭക്തർ ബലിതർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ എത്തി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ.
പുലർച്ചെ 2.30 മുതൽ തന്നെ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾക്ക് തുടക്കമായി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി പലയിടങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുക. സംസ്ഥാനത്തെ പലയിടങ്ങളിലും മഴയുള്ളതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, നീന്തൽ വിദഗ്ദ്ധർ തുടങ്ങിയ സംഘങ്ങൾ ഭക്തർക്ക് സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.
ആലുവ മണപ്പുറത്ത് വൻജനതിരക്കാണ് അനുഭവപ്പെടുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു പ്രാർത്ഥിക്കാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |