ഇടുക്കി: കട്ടപ്പനയിൽ ഏറെനാൾ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ പിടികൂടി. സമീപം നിന്ന നാട്ടുകാരുടെ കൃത്യസമയത്തുള്ള ഇടപെടൽ വാഹന ഉടമയ്‌ക്ക് തുണയായി. കട്ടപ്പന ടൗണിനടുത്ത് സിഎസ്‌സി പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന പാലശ്ശേരിയിൽ ജസ്‌റ്റിന്റെ ഡിയോ സ്‌കൂട്ടറിലേക്ക് ഒരു പാമ്പ് കയറിപ്പോകുന്നത് സമീപമുള്ള ആളുകൾ കണ്ടു. തുടർന്ന് വിവരം വാഹന ഉടമയായ ജസ്‌റ്റിനെയും പാമ്പ് പിടുത്ത വിദഗ്ദ്ധനായ ഷുക്കൂറിനെയും അറിയിച്ചു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
തുടർന്ന് വർക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് വാഹനത്തിന്റെ മുൻവശം മുഴുവനും അഴിപ്പിച്ചു. ഹാൻഡിലിന് സമീപം സ്‌പീഡോമീറ്ററിന് താഴെയായാണ് പാമ്പ് ഒളിച്ചിരുന്നത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ഷുക്കൂർ, പുല്ലാനി മൂർഖൻ വിഭാഗത്തിൽ പെടുന്ന പാമ്പിനെ പിടികൂടി.
ഏകദേശം ഒരാഴ്‌ചയോളമായി ഈ വാഹനം ഇവിടെത്തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. മഴക്കാലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പാമ്പുകൾ കയറിയിരിക്കുന്ന പതിവുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ പാമ്പുകടിയേൽക്കാമെന്നും നിർത്തിയിട്ട വാഹനങ്ങൾ ഉപയോഗിക്കാൻ വരുമ്പോൾ ശ്രദ്ധ വേണമെന്നും ഷുക്കൂർ മുന്നറിയിപ്പ് നൽകുന്നു. ഷുക്കൂറിനൊപ്പം കട്ടപ്പന ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ആർ രതീഷ്, എസ് അനീഷ് എന്നുവരും ടി ഡി വത്സനും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |