SignIn
Kerala Kaumudi Online
Thursday, 24 July 2025 6.15 AM IST

കപ്പലുകളും നമ്മുടെ മീനും ഇറ്റാലിയൻ അപാരതയും

Increase Font Size Decrease Font Size Print Page

s

കൊച്ചി തീരക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിയ എം.എസ്.സി എൽസ- 3 എന്ന കപ്പലിൽ നിന്നുള്ള അനേകം കണ്ടെയ്‌നറുകളും ചരക്കുകളും തീരത്ത് അടിഞ്ഞുകഴിഞ്ഞു. മുങ്ങിയ കപ്പലിന്റെ വാർത്താ വിശേഷങ്ങൾക്കൊപ്പം ഒരുപാട് നുണകളും കടൽ കാറ്റിനൊപ്പം കേരളം നിറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. കടൽമത്സ്യം കഴിക്കുന്നത് അപകടകരമാണെന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ മത്സ്യപ്രേമികളെപ്പോലും മത്സ്യം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഷ്ടം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും മത്സ്യക്കച്ചവടക്കാർക്കും മാത്രമായി. ബേപ്പൂർ പുറങ്കടലി​ൽ കത്തി​യ സിംഗപ്പൂരി​ൽ രജി​സ്റ്റർ ചെയ്ത വാൻ ഹായ്- 503 കണ്ടെയ്‌നർ കപ്പലി​ന്റെ മലി​നീകരണ ഭീഷണി​ എൽസ 3-നേക്കാൾ ഭയാനകമാണ്.

കൊച്ചിയുടെ തീരത്തു നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ കപ്പൽ മുങ്ങിയതിനു ശേഷം ഇന്നുവരെ ഒരു മത്സ്യം പോലും ചത്ത് കരയ്ക്കടിഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. ചത്തുപൊങ്ങിയ മത്സ്യം കടലിൽ ഒഴുകി നടക്കുന്നതായി തീരസംരക്ഷണ സേനയോ മത്സ്യത്തൊഴിലാളികളോ മറ്റു നിരീക്ഷകരോ പറഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് കപ്പലിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയിൽ മത്സ്യങ്ങൾ ചത്തിട്ടില്ല എന്നു തന്നെയാണ്. പ്രതികൂല പരിസ്ഥിതിയിൽ നിന്ന് കൂട്ടത്തോടെ ഓടി രക്ഷപ്പെടുക എന്നത് മറ്റെല്ലാ ജീവികളെയും പോലെ മത്സ്യങ്ങളും പിന്തുടരുന്ന രീതിയാണ്. അപകടം നടന്നയുടൻ സംസ്ഥാന ഫിഷറീസ് വകുപ്പ് ആ മേഖലയിലെ മത്സ്യബന്ധനവും നിരോധിച്ചു. അതുകൊണ്ടുതന്നെ എണ്ണപ്പാടയിൽപ്പെട്ട മത്സ്യം പിടിക്കപ്പെടാനോ വിപണനം ചെയ്യാപ്പെടാനോ ഉള്ള സാദ്ധ്യത വളരെ വിരളമാണ്. ബേപ്പൂർ തീരത്തെ സ്ഥി​തി എന്തെന്ന് ഇതുവരെ വ്യക്തമായി​ട്ടുമി​ല്ല.

അത്തരം മത്സ്യം

തിരിച്ചറിയാം

കപ്പൽ അപകടവും തുടർന്നുണ്ടായേക്കാവുന്ന എണ്ണപ്പാടയും മൂലം പി.എ.എച്ച് എന്ന 'പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺ" സമുദ്രവിഭവങ്ങളിൽ അടിഞ്ഞു കൂടാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ള മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരവുമാണ്. മത്സ്യങ്ങൾക്ക് അവയുടെ ശരീരത്തിലെത്തിയ പി.എ.എച്ചിനെ പെട്ടെന്നുതന്നെ പുറന്തള്ളുവാൻ കഴിവുണ്ട്. എണ്ണപ്പാടയിൽ അകപ്പെട്ട മത്സ്യം ഉൾപ്പെടെയുള്ളവയ്ക്ക് പെട്രോൾ, ഡീസൽ, ടാർ, ചീത്തയായ എണ്ണ അഥവാ മണ്ണെണ്ണയുടെ മണവും രുചിയും ഉണ്ടാകും. മത്സ്യത്തിന്റെ തൊലിപ്പുറമേയോ ചെകിളയിലോ എണ്ണയുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ അവ എണ്ണപ്പാടയിൽ അകപ്പെട്ടതാവാമെന്ന് അനുമാനിക്കാം.

മത്സ്യത്തിന്റെ ചിറകുകളിൽ കാണുന്ന പരിക്ക്, അവയുടെ സ്വാഭാവിക നിറത്തിലുള്ള വ്യത്യാസം എന്നിവ എണ്ണപ്പാടയിൽ അകപ്പെട്ട മത്സ്യത്തെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളാണ്. കപ്പലപകടവും തുടർന്നുണ്ടാവുന്ന ഇന്ധന ചോർച്ച, പരിസ്ഥിതിക്ക് നാശം ഉണ്ടായേക്കാവുന്ന ചരക്ക് ചോരുന്നതിലൂടെയുള്ള പ്രശ്നങ്ങൾ എന്നിവ നേരിടുന്നതിനുള്ള വ്യക്തമായ പ്രവർത്തന രീതികൾ ലോകത്ത് നിലവിലുണ്ട്. എണ്ണപ്പാട പടരുന്നത് തടയുക എന്നതാണ് പ്രധാനപ്പെട്ടത്. ബേപ്പൂരി​ൽ കത്തി​യ കപ്പലി​ലും 2000 ടണ്ണോളം എണ്ണയുള്ളതും വലി​യ ഭീഷണി​യാണ്. മാരകമായ രാസവസ്തുക്കളടങ്ങി​യ 157 കണ്ടെയ്‌നറുകളും വലി​യ പാരി​സ്ഥി​തി​ക പ്രശ്നങ്ങൾക്ക് കാരണമാകും.

കേരളത്തിലെ സമുദ്രത്തിനും ആവാസ വ്യവസ്ഥയ്ക്കും സമുദ്ര ജീവികൾക്കും ഏല്പിച്ച പാരിസ്ഥിതിക ആഘാതത്തിനും മത്സ്യ മേഖലയിലെ സാമ്പത്തിക നഷ്ടത്തിനും കാരണക്കാരായ കപ്പൽ ഉടമകൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം പല കോണുകളിൽ നിന്നുമുയർന്നിരുന്നു. ഫോർട്ടുകൊച്ചി തീരദേശ പൊലീസ് കപ്പൽ കമ്പനിക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തതോടെ ഇതു സംബന്ധിച്ച് സംശയങ്ങൾക്ക് പരിഹാരമായി. ബേപ്പൂരിൽ കത്തിയ വാൻ ഹായ്- 503 കപ്പലുടമകൾക്കെതിരെയും സമാന നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

കേസെടുപ്പും

കോടതിയും

ഒരു പരമാധികാര രാഷ്ട്രത്തിന്റെ അധികാരപരിധിയിലുള്ള ജലമേഖലയായ ടെറിട്ടോറിയൽ ജലത്തിന് (തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള തീരക്കടൽ ) പുറത്തു നടന്ന അപകടത്തിന്റെ പേരിൽ സംസ്ഥാന സർക്കാറിന് കേസെടുക്കാനാകുമോ എന്നതാണ് പ്രധാന വിഷയം. ഇറ്റാലിയൻ കപ്പലായ എൻറിക ലെക്സിയുടെ രണ്ടു നാവികർ 2012 ഫെബ്രുവരി 15-ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനു നേരെ വെടിയുതിർത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളം കേസെടുത്തല്ലോ എന്നതാണ് സർക്കാരിനെ വിമർശിക്കുന്നവരുടെ പ്രധാന വാദം. ബോട്ട് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നീണ്ടകര പോലീസ് സ്റ്റേഷനിൽ 2012-ൽ എടുത്ത കേസാണ് ഈ വാദഗതിയുടെ അടിസ്ഥാനം.

ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ ഹാജരാക്കാനും കേരള പൊലീസിനായി. കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നീണ്ട നിയമ പോരാട്ടം ഒമ്പതു വർഷം നീണ്ടുനിന്നു. കേരളതീരത്തു നിന്ന് 20.5 നോട്ടിക്കൽ മൈൽ അകലെ,​ അതായത് കേരള അതിർത്തിയിലെ ടെറിട്ടോറിയൽ ജലത്തിന് പുറത്തുനടന്ന സംഭവത്തിൽ കേസെടുക്കാൻ കേരളത്തിന് അധികാരമില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി. സംഭവം നടന്നത് ടെറിട്ടോറിയൽ ജലത്തിനു പുറത്തുള്ള 24 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചു കിടക്കുന്ന തുടർച്ചയായ മേഖല അഥവാ കോണ്ടിഗസ് സോണിലായതിനാൽ ഇന്ത്യാ സർക്കാരിന് കേസെടുക്കാൻ അധികാരമുണ്ടെന്നും കോടതി വിധിച്ചു.

കോടതിയുടെ നിർദ്ദേശപ്രകാരം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ ) 2013 ഏപ്രിൽ നാലിന് പുതിയ എഫ്.ഐ.ആർ സമർപ്പിച്ചു. ഇന്ത്യയും ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധത്തെത്തന്നെ ഉലയ്ക്കുംവിധമുള്ള നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കേസിലെ എല്ലാ നിയമ നടപടികളും അവസാനിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് 2021- ലാണ്. നാവികർക്ക് എതിരെ തക്കതായ നിയമനടപടികൾ ഇറ്റലി എടുക്കണമെന്ന ഉത്തരവോടെയാണ് സുപ്രീംകോടതി ഇന്ത്യയിലെ നിയമനടപടികൾ അവസാനിപ്പിച്ചത്. തുടർന്ന് മാസങ്ങൾക്കകം റോമിലെ ന്യായാധിപൻ നാവികർക്കെതിരായ കൊലപാതക കുറ്റം അന്വേഷിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കുകയും നാവികരെ സ്വതന്ത്രരാക്കുകയും ചെയ്തു. എൻറിക ലെക്സി കേസിന്റെ പശ്ചാത്തലത്തിൽ,​ കേസും കോടതി നടപടികളും വ്യാപകമായ ചർച്ചകൾക്കു തന്നെ വഴിയൊരുക്കും.

(കൊച്ചിയിലെ,​ കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫിഷറീസ് എൻജിനിയറിംഗ് വിഭാഗം ഡീൻ ഇൻ ചാർജ് ആണ് ലേഖകൻ)​

TAGS: SHIP, FISHING, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.