തൊടുപുഴ: ആദിവാസി വിദ്യാർത്ഥി മുതുവാൻ ഗ്രോതഭാഷയിൽ എഴുതിയ 'നെ്ഞ്ച്" (നഞ്ച്) എന്ന കവിത നാലാം ക്ലാസിലെ കുട്ടികൾ പഠിക്കും. മലയാളം പാഠപുസ്തകത്തിലാണിത്. ആദ്യമായാണ് മുതുവാൻ ഗോത്രഭാഷയിലെ കവിത പാഠപുസ്തകത്തിൽ ഇടം നേടുന്നത്. തോട്ടിൽ നഞ്ച് കലക്കി മീൻപിടിക്കുന്നതിന്റെ പാരിസ്ഥിതികാഘാതമാണ് കവിതയുടെ ഇതിവൃത്തം.
പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥി അടിമാലി കുറത്തിക്കുടി ആദിവാസി ഊരിലെ ക്രിസ്റ്റി ഇലക്കണ്ണന്റെ കവിതയാണിത്. മൂന്നുവർഷം മുമ്പ് ഗോത്ര കവിത എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച രചന വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. മുതുവാൻ ഗോത്രഭാഷയിലെ കവിതയ്ക്കൊപ്പം മലയാളത്തിലുള്ള തർജ്ജമയും ചേർത്തിട്ടുണ്ട്.
മൂന്നാം ക്ലാസ് മുതൽ ക്രിസ്റ്റി കവിത എഴുതി തുടങ്ങി. ഇതുവരെ അമ്പതോളം കവിതകൾ എഴുതി. ഭൂരിഭാഗവും ചൂഷണത്തിനും പരിസ്ഥിതി നശീകരണത്തിനുമെതിരെ. ഇരുട്ടും മിന്നാമിനുങ്ങും ഇതിവൃത്തമായ സ്ട്രീറ്റ് ലൈറ്റ്, കറുപ്പ്, അമ്മ തുടങ്ങിയവ പ്രധാന കവിതകളാണ്. അഞ്ച് കവിതകൾ മുതുവാൻ ഭാഷയിലെഴുതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ പി.ജി പ്രോഗ്രാമായി മലയാള സാഹിത്യവും ക്രിസ്റ്റി പഠിക്കുന്നുണ്ട്. ഇലക്കണ്ണൻ- പത്മ ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ്.
ലിപിയില്ലാ ഭാഷ
വാമൊഴിയായ മുതുവാൻ ഗോത്രഭാഷയ്ക്ക് പ്രത്യേക ലിപിയില്ല. തമിഴുമായി ധാരാളം സാമ്യമുണ്ട്. മലയാളവുമായി ഒട്ടേറെ വ്യത്യാസവും. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ മുതുവാൻ ഭാഷയാണ് സംസാരിക്കുന്നത്.
''കവിത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായിരുന്നു. എസ്.ഇ.ആർ.ടിയാണ് അനുമതിക്കായി വിളിച്ചത്. ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു
-ക്രിസ്റ്റി ഇലക്കണ്ണൻ
കവിത 'നെ്ഞ്ച്'
(മുതുവാൻ ഗോത്ര ഭാഷയിൽ)
തോട്ടില്
നെ്ഞ്ച് കലക്കിയാര്
ആദ്യം
കെല്ലാമുട്ടി ചത്ത്‌പൊങ്ങിയ്ത്
പിന്നാരാൻ, വെട്ട്വാൻ, പള്ള്ത്ത്, വാള,
മുശി, കോല, മുത്ക്ക്ല, മുള്ളിയൊക്ക
ചത്ത് പൊങ്ങിയ്ത് ഒക്കെ കെയിഞ്ഞ്പ്പ്നാ
തോടും
ചത്ത്‌പൊങ്ങിയ്ത്
മീനില്ലാണ്ട്
തോട്മാത്രമേണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |