തിരുവനന്തപുരം : നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. കൃഷ്ണകുമാറിന്റെയും ദിയയുടെയും പരാതിയിൽ എടുത്ത കേസും ഇവർക്കെതിരെ ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്.
മൂന്നു വനിതാജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് ജീവനക്കാരായ യുവതികൾ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസുകൾ അന്വേഷിച്ചുവരുന്നത്. ഇതാണ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.
തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർ 10 മാസങ്ങളിലായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങൾ വാങ്ങുന്നയാളിൽ നിന്നും ക്യൂ ആർ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. എന്നാൽ ദിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്‌തെന്നും ടാക്സ് വെട്ടിക്കാനാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും ജീവനക്കാർ
ആരോപിച്ചിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ജീവനക്കാർ കുറ്റം ഏൽക്കുന്നതിന്റെ തെളിവുകൾ ഉൾപ്പെടെ കൃഷ്ണകുമാറും കുടുംബവും പുറത്തു വിടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |