ഷില്ലോംഗ് : മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവായ രാജാ രഘുവംശിയെ കൊലപ്പെടുത്താൻ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിന് എന്തെങ്കിലും പാളിച്ച പറ്റിയാൽ താൻ തന്നെ കൃത്വം നടത്താമെന്ന് സോനം രഘുവംശി പറഞ്ഞതായാണ് വിവരം. ഫോട്ടോയെടുക്കുന്നതിനിടെ മലമുകളിൽ നിന്ന് രാജാ രംഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി. വാടക കൊലയാളികളായ വിശാലിനും ആകാശിനും ഭർത്താവിനെ കൊല്ലാൻ കഴിയാതിരുന്നാൽ താൻ തന്നെ ഭർത്താവിനെ കൊല്ലാമെന്നായിരുന്നു സോനം കാമുകനായ രാജ് കുശ്വാഹയോട് പറഞ്ഞിരുന്നത്. എന്നാൽ വാടകക്കൊലയാളികൾ തന്നെ രാജാ രഘുവംശിയെ കൊലപ്പെടുത്തുകയായിരുന്നു.
മേയ് 11നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. തുടർന്ന് 18ന് രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഭർത്താവുമായി ശാരീരിക ബന്ധം ഒഴിവാക്കാനും സോനും ശ്രമിച്ചു. ശാരീരിക ബന്ധത്തിലേർപ്പെടാതിരിക്കാൻ ക്ഷേത്ര ദർശനങ്ങൾക്ക് ഭർത്താവിനെ നിർബന്ധിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനാൽ ഈ സമയത്ത് ശാരീരിക ബന്ധം പാടില്ലെന്നും ഭർത്താവിനെ വിശ്വസിപ്പിച്ചു. തുടർന്ന് സോനം തന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയത്.
കൊലപാതകം നടത്തുന്നതിനായി വിശാൽ ചൗഹാൻ,അനന്ത് കുമാർ,ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു.20ന് രഘുവംശിയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടു. ഇതിനിടെ സോനം തങ്ങളുള്ള സ്ഥലത്തേക്കുറിച്ച് വിവരങ്ങൾ കൊലയാളികൾക്ക് കൈമാറി. തുടർന്ന് 23ന് സോഹ്രയിൽ നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാർത്തയും വന്നു. ജൂൺ 2ന് രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോംഗ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽനിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയിരുന്നില്ല. അക്രമികൾ സോനത്തെയും ആക്രമിച്ചെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്.തുടർന്ന് പൊലീസ് പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തി.
ധാബയിലെ ഉടമയുടെ അടുക്കൽ സോനം കരഞ്ഞുകൊണ്ട് ഫോൺ ആവശ്യപ്പെട്ടശേഷം സ്വന്തം വീട്ടുകാരെ വിളിക്കുകയായിരുന്നു. വീട്ടുകാർ വിവരം പൊലീസിന് കൈമാറി. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് മനസിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |