എഴുത്തുകാരിയും റിസർച്ച് അസിസ്റ്റന്റുമായ മായാ പ്രമോദ് സ്വന്തം ജീവിതം പറയുന്നത് ഇങ്ങനെയാണ്: ' 23 വയസിനു ശേഷമാണ് ഞാൻ ഒരു വീടെന്ന ആശയത്തിലേക്ക് എത്തുന്നത്. ജനിച്ചതും വളർന്നതും കോളനിയിലാണ്. ആദ്യമൊരു റെയിൽവേ പുറമ്പോക്ക് കോളനിയിലായിരുന്നു. സർക്കാരിന്റെ പദ്ധതിപ്രകാരം ലഭിച്ച ആദ്യ ഗഡു 40,000 രൂപ. സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. പാടം നികത്തിയ സ്ഥലം. അത് നികത്താൻ തന്നെ രണ്ടുലക്ഷം രൂപ വേണ്ടിവന്നു. അവിടെ അടിത്തറ ഇട്ടാൽ മാത്രമേ അടുത്ത ഗഡു ലഭിക്കു. അത് അൻപതിനായിരം രൂപയാണ്. അപ്പോഴേക്കും വലിയൊരു ബാദ്ധ്യതയിൽ ആയിക്കഴിയും. പണിതില്ലെങ്കിൽ സർക്കാർ തന്ന രൂപ പലിശയടക്കം തിരിച്ചടയ്ക്കണം. സർക്കാരിന്റെ വികസന നയങ്ങളുടെ ഇരകളാണ് പലപ്പോഴും ദളിത് കുടുംബങ്ങൾ.
അടിത്തറയില്ലാത്ത വീടുകളുടെ എണ്ണം എത്രയെന്ന്പരിശോധിക്കണം."
'വികസനങ്ങൾ ദളിത് കുടുംബത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്. സർക്കാർ ആവിഷ്കരിക്കുന്ന വികസന പദ്ധതികളിലെ ഇത്തരം അസമത്വങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകുകയും അതൊരു മോണിട്ടറിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പ്രധാനം. വികസന പദ്ധതികളിലും സാമൂഹിക വിഭവങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുവാൻ സർക്കാർ തലത്തിൽ പരിശ്രമങ്ങൾ ഉണ്ടാവണം. അതിനായി ജാതി സെൻസസ് നടപ്പാക്കണം .വിഭവങ്ങൾ ആരുടെ കയ്യിലാണെന്ന കൃത്യമായ ധാരണയോടെയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ദളിതരുടെ ജീവിതത്തിന് മാറ്റമുണ്ടാവൂ."- ഇത് മായാ പ്രമോദിന്റെ മാത്രം കഥയല്ല; ദളിത് കുടുംബത്തിൽ ജനിച്ച അനേകം വിദ്യാർത്ഥികളുടെ ജീവിതകഥയാണ്
ഒരു മധുവിലും ബിന്ദുവിലും ഒടുങ്ങുന്നതല്ല ദളിതനോടുള്ള ക്രൂരത. അത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. അർഹതമായ ആനുകൂല്യങ്ങൾ ദളിതനു മാത്രം നിഷേധിക്കപ്പെടുന്നു. അവരുടെ കുഞ്ഞുങ്ങൾ അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്നു. ആരും അന്വേഷിക്കില്ലെന്ന അഹന്തയിൽ പൊലീസും അധികാരികളും ആട്ടിപ്പായിക്കുന്ന ദളിത് ജനതയാണ് മുൻനിര രാഷ്ട്രീയ പാർട്ടികളുടെയെല്ലാം അണികൾ.
സമരനായകരായി അവരെ ഉയർത്തുന്നവരാരും വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോയെന്ന് അന്വേഷിക്കാറില്ല. പകരം പാർട്ടിക്കുള്ളിൽ അവരുടെ ഉയർച്ചയ്ക്കായി എന്നു ധരിപ്പിച്ച് ദളിതർക്കു മാത്രമായി സമിതികൾ ഉയരുന്നു. ഇന്നും മാപ്പർഹിക്കാത്ത തെറ്റുകൾ ദളിതർക്കെതിരെ ആവർത്തിക്കപ്പെടുന്നു. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കർ പറയുന്നു: നിങ്ങൾ ഏതു ദിശയിലേക്ക് തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കുന്ന നികൃഷ്ട ജന്തുവായി ജാതിയുണ്ടാകും. ആ ജീവിയെ കൊല്ലാതെ നിങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്കരണങ്ങൾ സാദ്ധ്യമല്ല.
രാജ്യത്ത് ഏറ്റവും ഉയർന്ന സാഷരതാ നിരക്ക് കേരളത്തിലാണ്. എന്നാൽ പട്ടികജാതി ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ 88.7 ശതമാനവും ഇന്ത്യയിൽ അത് കുറഞ്ഞ് 66.07 ശതമാനത്തിലേക്കും മാറും. പട്ടിക വർഗ വിഭാഗങ്ങളിൽ കേരളത്തിൽ 75.81 ശതമാനം സാഷരത നേടുമ്പോൾ, രാജ്യത്ത് 58.96 ശതമാനമായി കുറയും. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും അനുബന്ധ കാര്യങ്ങൾക്കുമായി തയ്യാറാക്കുന്ന പദ്ധതികൾ എങ്ങോട്ടേക്കാണ് അപ്രത്യക്ഷമാകുന്നത്? ദളിതർക്ക് അർഹതപ്പെട്ട ആനുകൂല്യം വകമാറ്റി ചെലവഴിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം.
(അവസാനിച്ചു)
(ബോക്സ്)
കേരളത്തിലേത് ഒറ്റപ്പെട്ട
സംഭവങ്ങൾ : മന്ത്രി കേളു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ കുറവാണെന്നാണ് പട്ടികജാതി- പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള കമ്മിറ്റി മൂന്നുമാസം കൂടുമ്പോൾ ഈ കേസുകളും കണക്കുകളും പരിശോധിക്കുന്നുണ്ട്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കു വേണ്ടി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഐ.എ.എസ്, എം.ബി.ബി.എസ് , എൻജിനീയറിംഗ്, നഴ്സിംഗ്, പൈലറ്റ് തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ചെലവിൽ പരിശീലനം നേടുന്ന ദളിത് വിദ്യാർത്ഥികളുണ്ട്.
വനം വകുപ്പിൽ 500 പേരെ നേരിട്ട് നിയമിച്ചു. പൊലീസ് , എക്സൈസ് വിഭാഗങ്ങളിൽ പ്രത്യേക റിക്രൂട്ട്മെന്റ് ഈ വിഭാഗങ്ങളിൽ നടന്നിട്ടുണ്ട്. പട്ടികജാതി - പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഡിവൈ.എസ്.പിമാരെ നേരിട്ട് തിരഞ്ഞെടുക്കാൻ പോവുകയാണ്. എസ്.സി-എസ്.ടി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ കേരളകൗമുദി പരമ്പരയിൽ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി കേളു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |