ന്യൂഡൽഹി: ബോയിംഗ് 787 ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനത്തിനുണ്ടായ ആദ്യ അപകടമാണിത്. 2011ൽ കൊമേഴ്സ്യൽ സർവീസ് തുടങ്ങിയ ഡ്രീംലൈനർ വിമാനത്തിന്റെ സാങ്കേതിക, സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച് നിരന്തരം പരാതികൾ ഉയർന്നിരുന്നു. 2013ൽ ആറ് ഡ്രീംലൈനർ വിമാനങ്ങളുടെ സർവീസ് വ്യോമയാന മന്ത്രാലയം വിലക്കി. ലോകത്തിന്റെ വിവിധങ്ങളിലുള്ള വിമാനത്താവളങ്ങളിൽ നിറുത്തിയിട്ടിരുന്ന ഡ്രീംലൈനർ വിമാനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുണ്ടായി. ജപ്പാനിലെ ഓൾ നിപ്പോൺ എയർവേയ്സിന്റെ വിമാനത്തിന് ഒരുതവണ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിയും വന്നു. അപ്പോഴും ജീവാപായമോ പരിക്കുകളോ ഉണ്ടായില്ല. അഹമ്മദാബാദിലാണ് അതിദാരുണ ദുരന്തമുണ്ടായത്. എയർ ഇന്ത്യയ്‌ക്ക് ഈ വിമാനമുൾപ്പെടെ 27 ഡ്രീം ലൈനറുകളാണുണ്ടായിരുന്നത്.
നിലവാരമില്ലാത്ത നിർമ്മാണമെന്ന്
2019ൽ ലൂസ് സീറ്റുകൾ, പിന്നുകളുടെ കൃത്യമല്ലാത്ത ഇൻസ്റ്റാളേഷൻ, മുഴുവനായി ടൈറ്റാക്കാത്ത നട്ടും ബോൾട്ടുകളും തുടങ്ങിയവ കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ് കണ്ടെത്തിയിരുന്നു. ഗുണനിലവാരമില്ലാത്ത നിർമ്മാണമെന്ന് പരാതിയുയർന്നു. 2019ൽ ക്വാളിറ്റി കൺട്രോൾ പ്രശ്‌നങ്ങൾ കാരണം വിമാന നിർമ്മാണം മന്ദഗതിയിലായി. 2021 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ഡെലിവറികൾ പൂർണമായി നിറുത്തിവച്ചിരുന്നു.
ലിഥിയം അയൺ ബാറ്ററിയിലും
പലതവണ ലിഥിയം അയൺ ബാറ്ററിയിൽ തീപിടിക്കുന്ന സാഹചര്യമുണ്ടായി. ബാറ്ററി സംവിധാനം റീഡിസൈൻ ചെയ്യാതെ ഡ്രീംലൈൻ ഓപ്പറേഷനുകൾ നടത്താൻ കഴിയില്ലെന്ന് യു.എസ് നിലപാടെടുത്തിരുന്നു. 2013 ജനുവരിയിൽ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുഴുവൻ ഡ്രീംലൈനർ സർവീസുകളും സസ്‌പെൻഡ് ചെയ്‌തു.
പലതവണ പ്രശ്നങ്ങൾ
2013 ജനുവരിയിൽ ബോസ്റ്റൺ വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന ജപ്പാൻ എയർലൈൻസിന്റെ ഡ്രീംലൈനർ വിമാനത്തിൽ ഇന്ധന ചോർച്ച
2013ൽ അമേരിക്കയുടെ യുണൈറ്റഡ് എയർലൈൻസിന്റെ മെയിൻ ബാറ്ററിയുടെ വയറിംഗിൽ പ്രശ്‌നം
2013 ജൂലായിൽ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന എതോപ്യൻ എയർലൈൻസിന് തീപിടിച്ചു. ലിഥിയം അയൺ ബാറ്ററിയിൽ തീപിടിത്തമുണ്ടായതാണ് കാരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |