തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ മാനുഷിക പരിഗണനയോടെ ദുരന്ത നിവാരണ നിയമത്തിൽ ഉൾപ്പെടുത്തിയ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായിവിജയൻ കത്തയച്ചു.
ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന വകുപ്പാണിത്. ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആശ്വാസം നൽകുന്ന വ്യവസ്ഥയാണിത്.
ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിൽ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.
ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ വിശദമായ റിപ്പോർട്ട് 2024 നവംബർ 13 ന് കേന്ദ്ര സർക്കാരിനു നൽകിയിട്ടുമുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് നിലവിലുണ്ടായിരുന്നു.എന്നാൽ 2025ന് മാർച്ച്29നാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തത്. അതിനാൽ, ഇനി സഹായം നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ.കേരളത്തെ സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ഹൈക്കോടതിക്ക് പോലും രോഷത്തോടെ പ്രതികരിക്കേണ്ടി വന്നിരുന്നു. കോടതിയെ പോലും ഗൗനിക്കാത്ത ഈ നിലപാട് തിരുത്തണമെന്നതാണ് കേരളത്തിന്റെ വികാരമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |