'മലയാളി പെണ്ണേ നിന്റെ' എന്ന പാട്ട് കേൾക്കാത്ത മലയാളികളുണ്ടാകില്ല. ആ ഗാനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് അഖില ശശിധരൻ. ദിലീപിന്റെ കാര്യസ്ഥൻ, പൃഥ്വിരാജിന്റെ തേജാഭായ് ആൻഡ് ഫാമിലി എന്നീ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഖില അഭിനയിച്ചിട്ടുള്ളൂ. എന്നിരുന്നാലും മലയാളികൾക്ക് അവർ പ്രിയങ്കരിയായി.
രണ്ട് ചിത്രങ്ങൾക്ക് ശേഷം അഖിലയെ വെള്ളിത്തിരയിൽ കണ്ടിട്ടില്ല. പത്ത് വർഷങ്ങൾക്കിപ്പുറം തന്റെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഖില. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ പത്ത് വർഷം എവിടെയായിരുന്നുവെന്ന് ചോദിച്ചുകഴിഞ്ഞാൽ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. കലാപരമായിട്ടുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെങ്കിൽ മാത്രമേ നിങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്ന് പറയുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ ഞാൻ ഇവിടെയില്ലെന്ന് അതിന് അർത്ഥമില്ല. കുറച്ചുകാലം മുമ്പുവരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും ഞാൻ ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ ഇടയ്ക്ക് പോസ്റ്റിടാറുണ്ട്.
രണ്ട് സിനിമകൾക്ക് ശേഷം പിന്നീട് സിനിമകൾ ചെയ്യാത്തതിന് പല കാരണങ്ങളുമുണ്ട്. നമ്മുടെ കംഫർട്ട്, താത്പര്യം അടക്കമുള്ള കാരണങ്ങൾ. ഒരുപാട് ഫാക്ടറുകൾ ഒത്തുവന്നിട്ട് സംഭവിക്കുന്നതാണ് സിനിമ. ചിത്രങ്ങൾ ചെയ്യാതിരുന്നപ്പോഴും ഞാൻ ആക്ടീവായിരുന്നു. ഷോകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ രണ്ട് സിനിമകൾക്ക് ശേഷം ഈ കുട്ടിയെ കണ്ടിട്ടേയില്ല എന്ന രീതിയിൽ എവിടെയൊക്കെയൊ പ്രചാരണം വന്നു. അഞ്ചര വർഷത്തോളം മുംബയിലായിരുന്നു. കലാപരമായ എന്റെ ജീവിതം തുടർന്നുകൊണ്ടിരുന്നു. ബേസിക്കലി ഭരതനാട്യം ഡാൻസർ ആണെങ്കിലും അവിടെ നിന്ന് കഥക് അഭ്യസിച്ചു. ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു അത്.'- അഖില പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |