അവധി ദിനങ്ങൾ വെറുതെയിരുന്ന് സമയം കളയാൻ ഇന്ന് ആളുകൾ ഒരുക്കമല്ല. പ്രത്യേകിച്ച് റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ. കാടും മലയും ചുരവും കയറി കെ.എസ്.ആർ.ടി.സി ബസിൽ പോകുമ്പോൾ അത് ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. കെ.എസ്.ആർ.ടി.സി.യുടെ ഏറെ ജനപ്രീതി നേടിയ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകൾ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ കണ്ണൂർ ഡിപ്പോയാണ് റെക്കാഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ 63.43 ലക്ഷം രൂപയാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം. ടൂർ പാക്കേജുകളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കണ്ണൂരിനാണ്. തീർത്ഥാടന യാത്രകളും മൺസൂൺ പാക്കേജുകളുമായി വരുമാനം കൊയ്യാൻ കൂടുതൽ പാക്കേജുകൾ തയാറാക്കിയിരിക്കുകയാണ് കണ്ണൂർ. ഈ മാസം കൊട്ടിയൂർ, കൊല്ലൂർ തീർത്ഥാടന യാത്രകളും ജൂലായിൽ നാലമ്പലം പഞ്ചപാണ്ഡവ ക്ഷേത്രദർശനം എന്നിവയുമടങ്ങിയ വിപുലമായ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്.
സഞ്ചാരികൾ ഏറ്റവും കൂടുതൽ ബുക്ക് ചെയ്തത് ഗവി-കുമളി-രാമക്കൽമേട്, മൂന്നാർ-കാന്തല്ലൂർ-മറയൂർ ട്രിപ്പാണ്. ഒരു രാത്രിയും രണ്ട് പകലുകളുമുള്ള ടൂർ പാക്കേജാണിത്.
കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആനവണ്ടി സൗകര്യമൊരുക്കുമ്പോൾ അത് പ്രയോജനപ്പെടുത്തുകയാണ് യാത്രകളെ സ്നേഹിക്കുന്നവർ.
വയനാട് ദുരന്തത്തിന് പിന്നാലെ വയനാട്ടിലേക്ക് ആദ്യമായി ട്രിപ്പ് പോയത് കണ്ണൂർ കെ.എസ്.ആർടിസിയാണ്. അതിരപ്പിള്ളി മലക്കപാറ കുട്ടനാട് (രണ്ട് പകലും ഒരു രാത്രിയും) വാഗമൺ കുമരകം കൊല്ലൂർ കുടജാദ്രി ഉഡുപ്പി നേഫ്രീറ്റിറ്റി (ആഡംബര ക്രൂയ്സ്) സൈലന്റ് വാലി മലമ്പുഴ ഡാം നിലമ്പൂർ വയനാട്, എന്നിങ്ങനെയാണ് കണ്ണൂരിൽ നിന്നുള്ള പ്രധാന വിനോദയാത്ര പാക്കേജുകൾ. 50 സീറ്റിംഗ് കപ്പാസിറ്റിയുള്ള പുഷ് ബാക്ക് സീറ്റുകളാണ് കെ.എസ്.ആർ.ടി.സി യിലേത്. മിതമായ നിരക്കിൽ നല്ല യാത്രാനുഭവങ്ങൾ നൽകുന്നതാണ് വിനോദസഞ്ചാരത്തിന് സ്വീകാര്യത നൽകുന്നത്. കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യാം. അതത് ടൂർ കോഓഡിനേറ്ററുമായി ബന്ധപ്പെട്ടാൽ യാത്രയുടെ വിവരങ്ങൾ ലഭ്യമാകും. ബുക്കിംഗിന് ഫോൺ : 9497007857, 9895859721.
വൈശാഖ മഹോത്സവത്തിന്
100 ട്രിപ്പുകൾ
കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടിസി യൂണിറ്റുകളിൽ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു ട്രിപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂർ ഡി.ടി.ഒ. വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് കണ്ണൂർ യൂണിറ്റിൽ നിന്നും കൊട്ടിയൂരിലേക്ക് സ്‌പെഷ്യൽ തീർത്ഥാടക പാക്കേജുകളും നടത്തുന്നുണ്ട്. രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം എന്നിവ ദർശിച്ച് രാത്രി എട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. സൂപ്പർ ഡീലക്സ് ബസുകളാണ് ഉപയോഗിക്കുന്നത്. ഒരാൾക്ക് 490 രൂപയാണ് ചാർജ് വരുന്നത്. ജൂൺ 14, 18, 21, 24 തീയതികളിൽ ഷെഡ്യൂൾ ട്രിപ്പുകളും കൂടാതെ കുടുംബശ്രീ യൂണിറ്റുകൾക്കും മറ്റ് സംഘടനകൾക്കും സ്‌പെഷ്യൽ ട്രിപ്പുകളും അറേഞ്ച് ചെയ്യും.
ഇനി കല്യാണമേളവും
കെ.എസ്.ആർ.ടി.സി യെ അടിമുടി ഉഷാറാക്കാനുള്ള പദ്ധതികളുമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ കല്യാണ സവാരിക്കും കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കുകയെന്നതാണ് ലക്ഷ്യം. പതിനായിരങ്ങൾ മുടക്കി സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കല്യാണ യാത്രയ്ക്കായി വാടകയ്‌ക്കെടുക്കുകയെന്നത് സാധാരണക്കാരനെ എല്ലായിപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരം സാഹചര്യത്തിലാണ് മിതമായ നിരക്കിൽ കല്യാണ യാത്ര സേവനം ഒരുക്കുന്നത്. നാൽപ്പത് കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 3500 രൂപ മാത്രമാണ് വാടക. ഓർഡിനറി, സിറ്റി, ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട് ബസുകൾക്ക് 3600 രൂപയും ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ, നോൺ എ.സി ബസുകൾക്ക് 3700 രൂപയും സൂപ്പർ ഫാസ്റ്റിന് 3800 രൂപയും. സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സുകൾക്ക് 3900 രൂപയും വോൾവോ ലോ ഫ്‌ലോർ എസികൾക്ക് 4300 രൂപയും വോൾവോ മൾട്ടി എക്സൽ, സ്‌കാനിയ മൾട്ടി എക്സൽ ബസുകൾക്ക് 5300 രൂപയുമാണ് വാടക നിരക്ക് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. നാല് മണിക്കൂർ വരെയുള്ള സമയത്തിനാണ് ഈ തുക. സമയവും ദൂരവും കൂടുകയാണെങ്കിൽ തുക വർദ്ധിക്കും.
മികവിന്റെ പാതയിലേക്ക്
കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന വാർത്തകൾ നിരന്തരം പുറത്ത് വരുന്നതിനൊപ്പമാണ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അധിക വരുമാനം നേടാനും ഉതകുന്ന തരത്തിൽ ഇങ്ങനെയൊരു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. ബജറ്റ് ടൂറിസം വിജയം കണ്ടതിന് ശേഷമാണ് ഇത്തരം മാറ്റങ്ങൾ. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതും ലക്ഷ്യമാണെന്നും ജില്ല ട്രാൻസ്‌പോർട്ട് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |