ശ്രേയ രുക്മിണി ജീവിതത്തിൽ ഇടയ്ക്കിടെ യുടേൺ എടുക്കാറുണ്ട്. ഇപ്പോൾ എത്തി നിൽക്കുന്നത് സിനിമയിൽ. ഇനി യുടേൺ ഇല്ല. ആസിഫ് അലി നായകനായ 'ആഭ്യന്തര കുറ്റവാളി"യിൽ നായികമാരിൽ ഒരാളായി തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞ സന്തോഷത്തിൽ ശ്രേയ രുക്മിണി .മലയാളത്തിൽ രണ്ടു സിനിമയിൽ അഭിനയിച്ച ശ്രേയ രുക്മിണിയുടെ ആദ്യ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുന്നു.
ഞാനും കൈയടിക്കുന്നു
സഹദേവനു വേണ്ടി ഞാനും കൈയടിക്കുന്നുണ്ട്. സമൂഹത്തിൽ കാണുന്ന സാധാരണക്കാരിൽ ഒരാളാണ് സഹദേവൻ. ഇത്തരം പ്രശ്നം പലരുടെയും കുടുംബത്തിൽ സംഭവിക്കുന്നുണ്ട്. അതിന്റെ കുറ്റങ്ങൾക്ക് വിധേയരാവുന്ന പുരുഷന്മാരുണ്ട് സഹദേവനെ പോലെ . അഡ്വ. അനില എന്ന എന്റെ കഥാപാത്രം സഹദേവനു വേണ്ടി കൈയടിക്കുന്നു. പുരുഷന്മാർക്കു വേണ്ടി സംസാരിക്കുന്ന സിനിമയാണ് 'ആഭ്യന്തര കുറ്റവാളി". ഈ രീതിയിൽ സിനിമ വന്നിട്ടില്ല. പറയാതെയും അറിയാതെയും പോകുന്ന പ്രശ്നത്തെ കേന്ദ്രീകരിച്ചു ഒരുക്കിയ സിനിമ. തെറ്റ് ആരുടെ ഭാഗത്ത്. അവർ ശിക്ഷ അർഹിക്കുന്നുവെന്ന് 'ആഭ്യന്തര കുറ്റവാളി" വ്യക്തമാക്കുന്നു.എന്നാൽ പുരുഷപക്ഷ സിനിമയുമല്ല.
ജോലി ഉപേക്ഷിച്ച് സിനിമ
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ എംഎസ്സി ഫിസിക്സ് പഠനം. ഗോവയിൽ ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ ഒരു വർഷം. ബംഗളൂരുവിൽ അദ്ധ്യാപികയായും ജോലിചെയ്തു. പിന്നീട് കൊച്ചിയിൽ റേഡിയോ ജോക്കി. ആസമയത്താണ് ദിലീപ് നായകനായ പവി കെയർ ടേക്കറിൽ ഓഡിഷൻ പങ്കെടുത്തതും ഇൻ ആയതും. ജോലി രാജിവച്ച് സിനിമയിൽ.എന്റെ പാഷൻ ആണ് സിനിമ.
വിവാഹശേഷവും സിനിമയിൽ തന്നെ തുടരും. അതു ഉപേക്ഷിക്കേണ്ടതില്ലല്ലോ. സിനിമയിൽ സജീവമാകാനാണ് തീരുമാനം. പുതിയ കഥകൾ കേൾക്കുന്നുണ്ട്.ഹിന്ദിയിൽ 'ല്യൂട്ടൻസ് "എന്ന സിനിമയിൽ അഭിനയിച്ചു. റിതേഷ് ഷായും നീരജ് പാണ്ഡെയും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ മനോജ് ബാജ് പേയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഹാനി, പിങ്ക് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ റിതേഷ് ഷാ ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. ല്യൂട്ടൻസിൽ ഒരു ചെറിയ ക്യാരക്ടർ അവതരിപ്പിച്ചു.നെറ്റ് ഫ്ലിക്സ് നേരിട്ട് റിലീസ് ചെയ്യും. പയ്യന്നൂർ ആണ് നാട്. അച്ഛൻ ഭാർഗവൻ. എൻജിനിയർ ആയിരുന്നു. അമ്മ രാജലക്ഷ്മി. സബ് രജിസ്ട്രാർ ആണ്. ചേച്ചി അഭിരാമി. നർത്തകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |