ന്യൂഡൽഹി: ചാരക്കൂമ്പാരമായി മനുഷ്യശരീരങ്ങൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 294 പേർ വെണ്ണീറായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ഉറ്റവരെ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് സ്ഥിതി. ഇതിനുശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവരൂ. 265 മരണമാണ് സ്ഥിരീകരിച്ചത്.
ആറ് യാത്രക്കാരുടേതുൾപ്പെടെ തിരിച്ചറിഞ്ഞ 26 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡി.എൻ.എ സാമ്പിളുകൾ താരതമ്യം ചെയ്യുന്ന നടപടി പൂർത്തിയാക്കാൻ 72 മണിക്കൂറോളമെടുക്കും. 215 പേരുടെ ബന്ധുക്കൾ ഡി.എൻ.എ സാമ്പിളുകൾ നൽകിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
മലയാളികൾക്ക് നൊമ്പരമായി മാറിയ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാൻ രക്തസാമ്പിൾ നൽകാനായി സഹോദരൻ രതീഷ് ഇന്നലെ അഹമ്മദാബാദിലേക്ക് പോയി.
അതേസമയം, അപകടത്തിലേക്ക് നയിച്ച വിവരങ്ങൾ ഇനിയും അവ്യക്തം. എങ്കിലും വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സും കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും (സി.വി.ആർ) വീണ്ടെടുക്കാനായത് പ്രതീക്ഷ നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അദ്‌ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ്‌കുമാറിനെയും പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവരെയും സന്ദർശിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ വിശ്വാസ് ഒഴികെ മരണപ്പെട്ടിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന നാല് മെഡിക്കൽ വിദ്യാർത്ഥികളും അവരുടെ ബന്ധുക്കളായ ആറുപേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ പ്രദേശവാസികളാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
എ.എ.ഐ.ബി അന്വേഷണം തുടങ്ങി
വിമാനം തകർന്നുവീണ ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മേൽക്കൂരയിൽ നിന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉദ്യോഗസ്ഥർ ബ്ളാക്ക് ബോക്‌സും സി.വി.ആറും കണ്ടെടുത്തത്. വിമാനത്തിന്റെ വാൽ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇവയ്ക്ക് അപകടങ്ങളിൽ കേടുവരാറില്ല. ഇവയിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാണ്. എൻ.ഐ.എയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബോയിംഗ് അമേരിക്കൻ കമ്പനിയായതിനാൽ യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണത്തിന്റെ ഭാഗമാകും. ബ്രിട്ടീഷുകാരും മരണപ്പെട്ടതിനാൽ യു.കെയിലെ എ.എ.ഐ.ബിയുമെത്തും. ബോയിംഗ് കമ്പനിയുടെ അന്വേഷണവുമുണ്ടാകും.
കാരണം അവ്യക്തം
ഡ്രീം ലൈനർ ടേക്ക് ഓഫിന് പിറകേ കെട്ടിടിത്തിൽ തകർന്നു വീണതിന്റെ കാരണം ഇനിയും വ്യക്തമല്ല. വിവിധ കാരണങ്ങളാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഫ്ലാപ്പുകൾ, ലാൻഡിംഗ് ഗിയർ: പറന്നുയരാനും മുകളിലേക്ക് കുതിക്കാനും സഹായിക്കുന്ന ഫ്ലാപ്പുകൾ ടേക്ക് ഓഫ് സമയത്ത് ശരിയായി പ്രവർത്തിച്ചുകാണില്ല. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ (ടയർ) ഉള്ളിലേക്ക് മടങ്ങിയില്ല. ഇതുമൂലം വിമാനത്തിന് കൂടുതൽ ശക്തി ഉപയോഗിക്കേണ്ടി വന്നിരിക്കാം
പൈലറ്റുമാർ ഫ്ലാപ്പ് നിയന്ത്രിക്കുന്നതിൽ പിഴവ് വരുത്തിയോ? ഇത് സംഭവിച്ചിരുന്നെങ്കിൽ കോക്ക്പിറ്റിൽ അലാറം മുഴങ്ങും. അങ്ങനെ തെറ്റു തിരുത്താൻ പറ്റും. മുൻകൂട്ടി തയ്യാറാക്കിയ ചെക്ക്ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ പിഴവുകൾ വരുന്നത് അപൂർവം
വിമാനത്തിന് ഉയരാൻ കഴിയാത്ത വിധം സാങ്കേതിക തകരാറുണ്ടാക്കിയതിൽ അന്തരീക്ഷ താപനിലയും കാരണമാകാം. പക്ഷേ, ഇന്ത്യയിൽ ഈ കാലാവസ്ഥ പതിവായതിനാൽ സാദ്ധ്യത കുറവ്
പറന്നുയരാൻ ശക്തിയില്ലാതെ താഴോട്ട് പതിക്കാൻ എൻജിൻ തകരാർ കാരണമായോ? ഇരട്ട എൻജിൻ വിമാനത്തിൽ ഒന്ന് തകരാറിലായാലും രണ്ടാമത്തേതിന്റെ സഹായത്താൽ മണിക്കൂറുകളോളം പറക്കാം. രണ്ട് എൻജിനുകളും ഒന്നിച്ച് തകരാറാകുന്നത് അപൂർവം
അഹമ്മദാബാദ് വിമാനത്താവളത്തിൽ പക്ഷി ശല്യം കൂടുതലാണ്. പക്ഷി ഇടിച്ചാലും രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തന രഹിതമാകുന്നത് അപൂർവം. പക്ഷിയുടെ സാന്നിദ്ധ്യം ദൃശ്യങ്ങളിലില്ല
വിമാനത്തിന്റെ ശക്തി കുറയാനും ഓഫാക്കാനും ഇടയാക്കും വിധമുള്ള സോഫ്റ്റ്വെയർ തകരാർ. വൈദ്യുതി സംവിധാനത്തിലെ പിഴവ് എന്നിവയും സംശയിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |