വാഴൂർ : കയറ്റവും ഇറക്കവും അപകട വളവുകളും... ഇതിനെല്ലാം പുറമേ റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ചമറച്ച് കാട് കൂടി വളർന്നാലോ എന്താകും അവസ്ഥ. അപകടങ്ങൾക്ക് വഴിമരുന്നാകുമെന്ന് പറയാം. ഏറെ തിരക്കേറിയ ദേശീയപാതയിൽ ഇതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാതയോരത്തെ കാട് തെളിക്കുന്ന ജോലികളൊന്നും നടക്കുന്നില്ല. വളർന്നു നിൽക്കുന്ന കാട്ടിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. ഇതുമൂലം പലയിടത്തും ദുർഗന്ധവും രൂക്ഷമാണ്. ഇഴന്തുക്കളുടെയും തെരുവ് നായ്ക്കളുടേയും ശല്യം കാരണം കാൽനടയാത്രക്കാരും ഭീതിയിലാണ്. പലസ്ഥലങ്ങളിലും റോഡരികിൽ അനധികൃതമായി പരസ്യബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിരം അപകടമേഖലയായ പതിനേഴാംമൈൽ ഇളമ്പള്ളികവല ഭാഗത്താണ് കൂടുതൽ ദുരിതം. നാൽപ്പതടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് സ്ത്രീ മരിച്ചത് കഴിഞ്ഞ വർഷമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും കാടുമൂടിയ നിലയിലാണ്.
കാൽനടയാത്രക്കാരെ നടത്തിക്കില്ല
നടപ്പാതയും കാട് മൂടിയതോടെ കാൽനടക്കാർക്കായി ഇത്തിരി ഇടംപോലുമില്ല. റോഡിലേക്കിറങ്ങി നടക്കുന്നത് അപകടങ്ങൾക്കും കാരണമാകും. വാഹനങ്ങൾക്കും സൈഡിലേക്ക് ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഓടകളിൽ മാലിന്യം നിറഞ്ഞതിനാൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. മഴക്കാലപൂർവ ശുചീകരണം ഈ വർഷം നടക്കാത്തതാണ് പ്രശ്നത്തിന് കാരണം. കാലവർഷം നേരത്തെ എത്തിയതിനാലാണ് ഇതിന് തടസ്സം നേരിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് ചുറ്റും പോലും കാട് വളരുകയാണ്. ഇഴജന്തുക്കൾക്കൊപ്പം കുറുക്കനും കീരിയും വരെയുണ്ടെന്നാണ് സംസാരം.
ശ്രദ്ധയൊന്ന് തെറ്റിയാൽ
മഴക്കാലമായതിനാൽ രാത്രികാലങ്ങളിൽ അപകടസാദ്ധ്യത
കൊടുംവളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണില്ല
അപകടത്തിൽപ്പെടുന്നതേറെയും സ്ഥല പരിചയമില്ലാത്തവർ
വാഹനങ്ങൾ കടന്നുപോകുന്നത് അമിതവേഗതയിൽ
മഴയ്ക്കൊപ്പം ആവശ്യത്തിന് വെളിച്ചമില്ലാത്തതും ദുരിതം
''ദേശീയപാതയോരത്തെ കാട് തെളിക്കുന്നത് ഭാരിച്ച പണിയായതിനാൽ ആരും മെനക്കെടാറില്ല. മഴ ശക്തിപ്രാപിക്കുന്നതിന് മുൻപ് റോഡരികിലെ കാടുകൾ പൂർണമായും വെട്ടിത്തെളിക്കണം.
പ്രദേശവാസികൾ
പുളിക്കൽകവ മുതൽ പൊൻകുന്നം വരെ : 15 കിലോമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |