കോഴിക്കോട്: സ്‌കൂളുകളും ക്ലാസ് മുറികളും ഹൈടെക്കാക്കുമ്പോൾ, പിഞ്ചുപൈതങ്ങൾക്കായുള്ള അങ്കണവാടികൾ മിക്കതും പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന ഒറ്രമുറിയിൽ!
സംസ്ഥാനത്ത് വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നത് 7072 അങ്കണവാടികളാണ്. 1636 എണ്ണം വാടകരഹിതമാണ്. ആകെയുള്ള 33120 അങ്കണവാടികളിൽ 8708 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. സ്വന്തം കെട്ടിടത്തിൽ 24412 അങ്കണവാടികളാണുള്ളത്.
പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ തലസ്ഥാനത്താണ് കൂടുതൽ. ഇവിടെ 3061 അങ്കണവാടികളുള്ളതിൽ 1057 എണ്ണത്തിനും കെട്ടിടമില്ല. 100 എണ്ണം വാടകരഹിതമാണ്. കുറവ് വയനാട്ടിലാണ്. 876 അങ്കണവാടികളിൽ 70 എണ്ണം മാത്രമാണ് വാടകയിൽ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അങ്കണവാടികളുള്ള മലപ്പുറത്ത് 3808ൽ 697 എണ്ണം വാടകക്കെട്ടിടത്തിലാണ്.
വാടകയ്ക്കോ മറ്റേതെങ്കിലും കെട്ടിടങ്ങളുടെ ഭാഗങ്ങളിലോ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ സ്ഥിതി പരിതാപകരമാണ്. കുട്ടികൾക്ക് കളിക്കാനോ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനോ സ്ഥലമില്ല. ടോയ്‌ലെറ്റ് ഇല്ലാത്തവയുമേറെ.
കോടികൾ വാടക
അങ്കണവാടികളുടെ വാടകയിനത്തിൽ മാസം തോറും ഒന്നരക്കോടിയിലധികമാണ് സർക്കാർ ചെലവാക്കുന്നത്. ഗ്രാമങ്ങളിൽ 600 വരെ ചതുരശ്ര അടി വിസ്തീർണമുള്ള അങ്കണവാടി കെട്ടിടങ്ങൾക്ക് 2000 രൂപയും നഗരങ്ങളിൽ 6,000വുമാണ് വാടക. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സ്ഥലം വാങ്ങാൻ ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് മിക്ക അങ്കണവാടികളും നേരിടുന്ന വെല്ലുവിളി. കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും കെട്ടിടം നിർമ്മിക്കാൻ ആവശ്യമാണ്. എന്നാൽ വനിത ശിശുവികസന വകുപ്പ് അനുവദിക്കുന്ന നാമമാത്രമായ തുക ഒരു സെന്റ് സ്ഥലം വാങ്ങാൻ പോലും തികയാറില്ല.
സ്ഥലം ലഭിച്ചുകഴിഞ്ഞാൽ ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ, ഐ.സി.ഡി.എസ് തുടങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുക. വിവിധ പദ്ധതികളിലുൾപ്പെടുത്തി അങ്കണവാടികൾക്കായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി.
ജില്ല...........................ആകെ അങ്കണവാടി..............വാടകക്കെട്ടിടത്തിലുള്ളവ
തിരുവനന്തപുരം...... 3061..........................................1057
കൊല്ലം............................2723..........................................820
പത്തനംതിട്ട.................1389...........................................493
ആലപ്പുഴ........................2150............................................942
കോട്ടയം........................2050............................................558
ഇടുക്കി...........................1561.............................................135
എറണാകുളം.............2858.............................................677
തൃശൂർ..........................3016...............................................396
പാലക്കാട്....................2838................................................414
മലപ്പുറം........................3808..................................................697
വയനാട്........................876....................................................70
കോഴിക്കോട്..............2938...................................................446
കണ്ണൂർ..........................2504...................................................273
കാസർകോഡ്...........1348....................................................94
ആകെ അങ്കണവാടികൾ.......33120
വാടകക്കെട്ടിടത്തിൽ.....7072
സ്വന്തംകെട്ടിടത്തിൽ......24412
കെട്ടിടമില്ലാത്തത്.............8708
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |