തിരുവവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അപഹസിച്ച് സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പാർട്ടിക്ക് നാണക്കേടായെങ്കിലും നടപടിയിലേക്ക് പോകാൻ സാദ്ധ്യതയില്ല.
നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടവരെന്ന് അറിയപ്പെടുന്ന ഇവർക്കെതിരെ പരസ്യ താക്കീതിലേക്കോ, നടപടിയിലേക്കോ പോകുന്നത് പാർട്ടിയിലെ എതിർചേരി ആയുധമാക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പൂർണ്ണമായും ഒഴിവാക്കിയുള്ളതാണ് നിലവിലെ സംസ്ഥാന എക്സിക്യുട്ടീവ്. സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ, ഈ കൂട്ടായ്മയിൽ വിള്ളലുണ്ടാകുന്നത് അസംതൃപ്തർക്ക് മുതലെടുപ്പിന് അവസരം ഒരുക്കുമെന്നാണ് സെക്രട്ടറിക്ക് ഒപ്പമുള്ളവർ കണക്കുകൂട്ടുന്നത്. എന്നാൽ സെക്രട്ടറിയുടെ താല്പര്യത്തിനെ ആശ്രയിച്ചാകും തീരുമാനം.
ഇന്നലെ നടന്ന എറണാകുളം മണ്ഡലം സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനൊപ്പം കെ.എം.ദിനകരനും കമല സദാനന്ദനും വേദി പങ്കിട്ടതോടെ അവരെ ഒപ്പം നിറുത്താനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന.
താനറിയുന്ന നേതാക്കൾ അങ്ങനെ പറയില്ലെന്നായിരുന്നു ശബ്ദരേഖയെ സംബന്ധിച്ച്, ഇന്നലെയും ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിവാദ ശബ്ദരേഖയിൽ തന്റെ ഭാഗം സെക്രട്ടറിയെ ഇതിനകം കമല സദാനന്ദൻ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടാകും .
എന്നാൽ സംസ്ഥാന സെക്രട്ടറിയുടെ രീതികളെ വിമർശിച്ചപ്പോൾ, വാക്കുകളിൽ സംയമനം പാലിച്ചില്ലെന്ന ആക്ഷേപം ബിനോയ് വിശ്വത്തിനൊപ്പമുള്ളവർക്കുണ്ട്. വിമർശനത്തിന്റെ ശരിതെറ്റുകൾ തിരിച്ചറിയണമെന്ന വാദവും ഉയരുന്നുണ്ട്. 24 ന് നടക്കുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെങ്കിലും കമലാ സദാനന്ദന്റെ വിശദീകരണം കേട്ടശേഷമാകും തീരുമാനം.
പ്രായപരിധി മാനദണ്ഡം നടപ്പാക്കും
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച 75 വയസ് പ്രായപരിധി മാനദണ്ഡം ജില്ലാ ,സംസ്ഥാന സമ്മേളനത്തിലടക്കം നടപ്പാക്കും. ജില്ലാ സെക്രട്ടറിക്ക് 65 വയസാണ് പ്രായപരിധി . ആദ്യ ജില്ലാ സമ്മേളനം ആലപ്പുഴയിൽ ഈ മാസം 27 ന് തുടങ്ങാനിരിക്കുകയാണ്.ഇതോടെ പ്രായപരിധി പിന്നിട്ട കെ.ആർ.ചന്ദ്രമോഹൻ, ഇ.ചന്ദ്രശേഖരൻ നായർ, വി.ചാമുണ്ണി എന്നിവർ ഒഴിവാകും.നിലവിൽ താത്കാലിക സെക്രട്ടറിയുള്ള പത്തനംതിട്ടയ്‌ക്ക് പുറമെ പ്രായപരിധി മാനദണ്ഡത്തിൽ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിൽ പുതിയ സെക്രട്ടറിമാർ വരും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |