തിരുവനന്തപുരം: കിടപ്പാടം, കൃഷി തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് അനുവദിക്കാറുള്ള പട്ടയ ഭൂമി വ്യവസായം ,വാണിജ്യം,ക്വാറി തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകും. ഇതിനായി
ചട്ടം ഭേദഗതി ചെയ്യും. നിയമത്തിന്റെ
കരട് ഭൂരേഖാ വകുപ്പ് തയ്യാറാക്കി .
2024 ജൂൺ ഏഴിന് മുമ്പ് പട്ടയം ലഭിച്ച ഭൂമിയിൽ മാത്രമേ ഇത് അനുവദിക്കൂ. നിശ്ചിത ഫീസ് ഈടാക്കിയാവും അനുമതി.
പട്ടയ രേഖയുടെ പകർപ്പ്, ഏറ്റവും ഒടുവിൽ ഭൂ നികുതി ഒടുക്കിയ രസീത്, വില്ലേജ് ഓഫീസിൽ നിന്നുള്ള കൈവശ രേഖ തുടങ്ങിയവ ജില്ലാ കളക്ടർക്ക് നൽകുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ക്രമപ്രകാരമുള്ളതല്ലെങ്കിലോ, അപൂർണ്ണമെങ്കിലോ ജില്ലാ കളക്ടർ 15 ദിവസങ്ങൾക്കുള്ളിൽ അപേക്ഷകനെ അറിയിക്കണം. സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്.
പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങൾ, നെൽ വയൽ, തണ്ണീർത്തട സംരക്ഷണ നിയമ പരിധിയിൽ വരുന്ന സ്ഥലങ്ങൾ, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങൾ, കേന്ദ്ര വനം പരിസ്ഥിതി മേഖലകൾ തുടങ്ങിയ വിഭാഗത്തിലെ പട്ടയ ഭൂമികളിൽ അനുമതി നൽകില്ല. അപേക്ഷകൾ സാധുവാണെങ്കിൽ 60 ദിവസങ്ങൾക്കുള്ളിൽ ഫീസ് ഒടുക്കണം.
അനുമതി നൽകുന്ന ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗപ്പെടുത്തിയാൽ സർക്കാരിന് അനുമതി റദ്ദാക്കാൻ അവകാശമുണ്ടായിരിക്കും.1500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്കും, പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും അപേക്ഷാ ഫീസില്ലെങ്കിലും നടപടി ക്രമങ്ങൾ പാലിക്കണം.
നിർദ്ദേശിക്കുന്ന
മറ്റ് ഫീസുകൾ :
□1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീട്- 500 രൂപ
□1500 ച.അടി വരെയുള്ള വ്യാവസായിക കെട്ടിടം -1000 രൂപ
□1500 ച.അടി മുതൽ 2500 ച.അടി വരെയുള്ള വ്യാവസായിക കെട്ടിടം-1500 രൂപ
□2500 മുതൽ 5000 ച. അടി വരെ -3000 രൂപ
□5000 ച.അടിക്ക് മേൽ -5000 രൂപ.
പട്ടയ ഭൂമി:
കൃഷി, പാർപ്പിടം, (അല്ലെങ്കിൽ ഇതിന് രണ്ടിനും കൂടി) , ഉപജീവനമാർഗ്ഗം തുടങ്ങിയ ആവശ്യങ്ങൾക്ക് ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ചു നൽകുന്നതാണ് പട്ടയ ഭൂമി. ഈ ആവശ്യത്തിനല്ലാതെ ഇത് ഉപയോഗിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇവിടെ ക്രമം വിട്ട് നടത്തിയിട്ടുള്ള നിർമ്മിതികൾ ഉപാധികൾക്ക് വിധേയമായി ഫീസ് ഈടാക്കി ക്രമപ്പെടുത്താനുള്ള ചട്ടഭേദഗതി നേരത്തെ സർക്കാർ തയ്യാറാക്കി. എന്നാൽ, അംഗീകാരം ലഭിച്ചിട്ടില്ല.
'സാധാരണക്കാർക്ക് പ്രയോജനം കിട്ടാനാണ് ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഉപജീവന മാർഗ്ഗത്തിന് ഈ ഭേദഗതി അവർക്ക് പ്രയോജനപ്പെടും'
:- മന്ത്രി കെ.രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |