വിഴിഞ്ഞം /തിരുവനന്തപുരം: ഗുജറാത്തിലെ കച്ചിൽ കേരള സർവകലാശാലയുടെ പുരാവസ്തുശാസ്ത്ര വിഭാഗം നടത്തിയ ഉദ്ഖനനത്തിൽ 5300 വർഷം പഴക്കമുള്ള പ്രാചീന ഹാരപ്പൻ അവശിഷ്ടങ്ങൾ കണ്ടെത്തി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.അഭയൻ ജി.എസ്, ഡോ.രാജേഷ് എസ്.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഖനനം.
ലഖാപർഗ്രാമത്തിലെ അള്ളാനാഭായിയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലാണ് ഉദ്ഖനനം നടത്തിയത്. ഗഡൂലി–ലഖാപർ റോഡിന്റെ ഇരുവശങ്ങളിലായി, ഏകദേശം മൂന്ന് ഹെക്ടർ വിസ്തൃതിയിലാണ് പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 3 വർഷം മുൻപ് ജുനഖട്ടിയയിൽ 197 ശവക്കല്ലറകൾ കണ്ടെത്തിയിരുന്നു. വലിയ കല്ലുകൊണ്ടുള്ള കെട്ടിടാവശിഷ്ടങ്ങൾ, ശവസംസ്‌കാരത്തെളിവുകൾ,മൺപാത്രങ്ങൾ എന്നിവ ലഭിച്ചു. ഇവിടെ ലഭ്യമായ കല്ലുകളായ ഷെയിലും സാൻഡ്‌സ്റ്റോണുമുപയോഗിച്ചാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. മൺപാത്രങ്ങൾ ഹാരപ്പൻ സംസ്‌കാരത്തിന്റെ പ്രാചീന ഘട്ടം (ഏകദേശം 3300 ബി.സി) മുതൽ ഉള്ളവയാണ്.
അടക്കം ചെയ്തിരുന്ന മനുഷ്യശരീരത്തോടൊപ്പം പ്രീ-പ്രഭാസ് ശൈലിയിലുള്ള മൺപാത്രങ്ങളും മുത്തുകളും കണ്ടെത്തിയിട്ടുണ്ട്. ശവക്കല്ലറകളും അവയെ അടയാളപ്പെടുത്തുന്ന കല്ലുകളുമില്ലാതെ ലളിതമായി കുഴിയിൽ അടക്കം ചെയ്ത നിലയിലായിരുന്നു ലഭിച്ച അവശിഷ്ടങ്ങൾ. ഇതുവരെ കണ്ടിട്ടുള്ളവയിൽ പ്രീ-പ്രഭാസ് പാത്രങ്ങൾ ശവോപകരണങ്ങളായുള്ള ഏക ശവസംസ്‌കാരമാണിത്. കാർണീലിയൻ, അഗേറ്റ്, ആമസോണൈറ്റ്, സ്റ്റിയാറ്റൈറ്റ് തുടങ്ങിയ അർദ്ധമൂല്യക്കല്ലുകളിൽ നിർമ്മിച്ച മുത്തുകൾ, ശംഖിലുള്ള മുത്തുകൾ, വളകൾ, ചെമ്പ് വസ്തുക്കൾ, ചുട്ട കളിമൺവസ്തുക്കൾ, അരകല്ലുകൾ, മറ്റ് കല്ലായുദ്ധങ്ങൾ തുടങ്ങിയവയും കണ്ടെത്തി. വളർത്തുമൃഗങ്ങളുടെ അസ്ഥികൾ, മത്സ്യങ്ങളുടെ അസ്ഥികൾ, ശംഖുകളുടെ ഭാഗങ്ങൾ എന്നിവയും ലഭിച്ചു. കേരള സർവകലാശാലയിലെയും ഐ.ഐ.ടി. ഗാന്ധിനഗറിലെയും വിദ്യാർത്ഥികൾ ഉദ്ഖനനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |