തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു.
ലോകത്തെവിടെ നിന്നും 24 മണിക്കൂറും വിജ്ഞാനവും വിനോദവുമടങ്ങിയ പരിപാടികൾ ഇഷ്ടമുള്ള ദിവസവും സമയവും അനുസരിച്ച് കേൾക്കാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള പരിപാടികൾ ശനിയും ഞായറും ആവർത്തിക്കും. റേഡിയോയുടെ ഉദ്ഘാടനം 18 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേംബറിൽ നിർവഹിക്കും.
കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട റൈറ്റ് ടേൺ, ഫോൺ- ഇൻ പരിപാടി ഇമ്മിണി ബല്യകാര്യം, കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും സംശയങ്ങളും അനുഭവകഥകളും കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത്, റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിൾ ബോസ് എന്നിവ പ്രധാനപരിപാടികളാണ്.
കുട്ടികൾക്കിടയിലെ മാനസികസംഘർഷങ്ങൾ, ലഹരി - സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽമീഡിയ അഡിക്‌ഷൻ എന്നിവ വർദ്ധിക്കുന്നത് പരിഗണിച്ചുള്ള പദ്ധതിയാണിത്. ബാലനീതി, പോക്‌സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസഅവകാശം എന്നിവ സംബന്ധിച്ച അവബോധവും ലക്ഷ്യമിടുന്നു.
ആൻഡ്രോയ്ഡ് ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും IOS ൽ ആപ്‌സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും കേൾക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും (radionellikka@gmail.com) വാട്ട്സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം, അങ്കിൾ ബോസ് പരിപാടികളിലേക്ക് 9993338602 ൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |