തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ കുട്ടികളെ ഏത്തമിടീച്ച സംഭവത്തിൽ അദ്ധ്യാപികയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഇ.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒൻപതാം ക്ളാസിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ദാരിഫയ്ക്കെതിരെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനം ആലപിക്കുമ്പോൾ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ അദ്ധ്യാപിക മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചതായാണ് പരാതി. ഇതുകാരണം ചില കുട്ടികൾക്ക് സ്കൂൾബസ് കിട്ടിയില്ല. ബസിൽ പോകാൻ ഇതേ അദ്ധ്യാപിക പണം നൽകുകയും ചെയ്തു. വൈകി എത്തിയതിന്റെ കാരണം അന്വേഷിച്ച രക്ഷിതാക്കൾ സ്കൂളിന്റെ വാട്‌സ് ഗ്രൂപ്പ് വഴി പരാതി ഉന്നയിക്കുകയായിരുന്നു. അധികൃതർ പരാതി മുഖവിലയ്ക്കെടുത്തില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
എന്നാൽ, പിറ്റേദിവസം അടിയന്തര മീറ്റിംഗ് വിളിച്ച് അദ്ധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ധ്യാപിക ഖേദം പ്രകടിപ്പിച്ചെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വിവരങ്ങൾ ഹെഡ്‌മിസ്ട്രസ് ഡി.ഇ.ഒ.യ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നതായും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |