മലപ്പുറം: സാമ്രാജ്യത്വത്തിന്റെ ആജ്ഞകൾ വിനീതവിധേയരായി അനുസരിക്കണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ മുന്നിൽ നിൽക്കുന്നത് ബി.ജെ.പിയും കോൺഗ്രസുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് പോത്തുകല്ല് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായും പാലസ്തീനൊപ്പമായിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പാലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കൂടെ യാസർ അറാഫത്ത് നിന്നത് ലോകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന് പിന്നീട് മൂല്യശോഷണം സംഭവിച്ചു. ബി.ജെ.പിയും ആർ.എസ്.എസും ഇസ്രയേലിലെ സയണിസ്റ്റിന്റെ ഇരട്ട സഹോദരനാണ്. കോൺഗ്രസ് തുറന്ന വഴിയിൽ ബി.ജെ.പി സഞ്ചരിക്കുന്നു. ഇസ്രയേലിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ നാം വാങ്ങിക്കൂട്ടുന്നു. അമേരിക്കയുമായി സഖ്യകക്ഷിയെന്ന നില വന്നിരിക്കുന്നു.
ഇസ്രയേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിൽ പ്രമേയങ്ങൾ വന്നപ്പോൾ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളോടൊപ്പം നിന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ ഇന്ത്യ
തയാറാറില്ല.ഇസ്രയേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര ഗവൺമെന്റിനെയും നാം കണ്ടു. അമേരിക്കയുടെ പിന്തുണയുള്ളത് കൊണ്ട് എന്തും കാണിക്കാമെന്ന നിലയിലേക്ക് ഇസ്രയേൽ എത്തിയിരിക്കുന്നു. ഇറാന് നേരെ ഇസ്രയേൽ നടത്തിയ നെറികെട്ട ആക്രമണങ്ങളെ ശക്തമായി അപലപിക്കാൻ നമുക്കാവുന്നില്ല. ഇസ്രയേലുമായും, അവരെ സംരക്ഷിക്കുന്ന അമേരിക്കയുമായുമുള്ള ബന്ധമാണ് കാരണം. എൽ.ഡി.എഫ് ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ രാജ്യതലസ്ഥാനത്തടക്കം ശക്തമായ പ്രതികരണം നടത്തി. എന്നാൽ, കോൺഗ്രസ് രാജ്യത്തെവിടെയും അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |