
കൊച്ചി: കള്ളപ്പണക്കേസിൽ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഈ ആഴ്‌ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം. അൻവറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അൻവറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്‌ഡുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്‌സി വഴി അൻവർ തരപ്പെടുത്തിയെന്നുമാണ് വാർത്താക്കുറിപ്പിൽ ഇഡി വ്യക്തമാക്കിയത്. സിആർപിഎഫ് സംരക്ഷണത്തോടെ എത്തിയ കൊച്ചി, കോഴിക്കോട് സംയുക്ത സംഘത്തിന്റെ പരിശോധന രാത്രി വരെ നീണ്ടിരുന്നു.
അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിൽ ഇഡി പറഞ്ഞത്. അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം. അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് ലോണെടുത്ത തുക വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത് 2021ൽ 64.14 കോടിയായി വർദ്ധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥർക്ക് വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |