തിരുവനന്തപുരം: വികസന പദ്ധതികളെ ദേവസ്വം ബോർഡിന്റെ കാലാവധി ബാധിക്കില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചുകഴിഞ്ഞാൽ കരാറെടുത്തവർ കാലാവധിക്കകത്ത് അവ പൂർത്തിയാക്കണം. പദ്ധതികളുടെ മേൽനോട്ട ചുമതല എൻജിനീയർമാർക്കാണ്. പദ്ധതി കാലയളവിൽ ഇവരാരും മാറുന്നില്ല. ബോർഡ് മാത്രമാണ് മാറുന്നത്. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു.
നിലവിലെ രണ്ട് വർഷ കാലാവധി വികസന പ്രവർത്തനങ്ങളെയും ബോർഡിന്റെ 1252 ക്ഷേത്രങ്ങളിൽ വലിയ പദ്ധതികൾ നടപ്പാക്കുന്നതിനെയും ബാധിക്കുന്നതായുള്ള വിഷയത്തിൽ കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വരുന്ന നവംബർ വരെയാണ് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി.2023- 24 മണ്‌ഡല മകരവിളക്ക് കാലത്തെ ശബരിമല തീർത്ഥാടന സമയത്തുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ബോർഡിന്റെ മാറ്റം നടത്തുന്നതിലെ അപ്രായോഗികതയെക്കുറിച്ച് എം.ജി രാജമാണിക്യം ദേവസ്വം സെക്രട്ടറിയായിരുന്ന കാലത്ത് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മുന്നൊരുക്കങ്ങൾ നടത്തുന്നവരും മണ്ഡലമകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരും വ്യത്യസ്ത ടീമാകുന്നത് സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നായിരുന്നു കണ്ടെത്തൽ. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ബോർഡിന്റെ കാലാവധി മൂന്നോ നാലോ വർഷമായി ഉയർത്തണമെന്ന് ദേവസ്വം വകുപ്പിന് ശുപാർശകൾ ലഭിച്ചതായി അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |