സ്ത്രീയും പുരുഷനും ആരുടെയും സ്വകാര്യ വസ്തുവകകളല്ല. ഇരുവർക്കും അവരുടേതായ ആഗ്രഹങ്ങളും താൽപര്യങ്ങളുമുണ്ട്. ഇന്നത്തെ കാലത്ത് ഒരു പരിധിവരെ സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും നിയന്ത്രിക്കുന്ന കാലമൊക്കെ കഴിഞ്ഞു. വളരെ പക്വമായ നിലപാടുകളിലാണ് പലരും ജീവിതം മുന്നോട്ടു നയിക്കുന്നത്.
ഒരുമിച്ച് പാട്ടുകൾക്ക് നൃത്തം ചെയ്തും ടെലിവിഷൻ സീരിയലുകൾ തുടർച്ചയായി കണ്ടും, ചില സിനിമകളെക്കുറിച്ച് കരഞ്ഞും ചർച്ച ചെയ്തും ജീവിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു.കൂടുതൽ കാലം ഒരു ബന്ധം നിലനിന്നു പോരുന്നതിനെ എന്തു പേരിട്ടു വിളിക്കാൻ കഴിയും. സുഹൃത്തുക്കളായും ഉറ്റ സുഹൃത്തുക്കളായും പ്രണയികളായും, പങ്കാളികളായും അങ്ങനെ എന്തെല്ലാം നിർവചനങ്ങളാണ് നമ്മൾ ആ ബന്ധങ്ങൾക്കു നൽകി അതിനെ യാഥാർത്ഥ്യമാക്കിയിരുന്നത്. ഒടുവിൽ അവയെ നിയമവിധേയാമാക്കി സമൂഹത്തിന് മുന്നിൽ പരസ്പരം ബന്ധിക്കപ്പെടുത്തുന്നു.
ഫോബിയ പോലെ എന്തെങ്കിലുമൊരു കാര്യമല്ല ഇവിടെ പറയുന്നത്. നിങ്ങളുടെ എല്ലാ പ്രണയ ഓർമ്മകളെയും ഓർത്തെടുത്ത് മുൻ കാമുകന്മാരെയോ കാമുകിമാരെയോ മോശമായി ചിത്രീകരിക്കാനുമല്ല. ഹൃദയങ്ങളെ തകർക്കുന്നതിനെക്കുറിച്ചുമല്ല, മറിച്ച്, ബന്ധങ്ങളിൽ മതവും സാമൂഹവും കൽപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ഘടനയെ തകർക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. സാമൂഹിക ശ്രേണിയിൽ ബന്ധിക്കപ്പെട്ട പുരുഷനും സ്ത്രീയും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് പറയുന്നത്. ആഭ്യന്തര കലഹങ്ങൾക്ക് വിരാമമിടാൻ പുരുഷസ്ത്രീ ബന്ധങ്ങളിൽ പരമ്പരാഗതമായി നിലനിന്നു വരുന്ന രീതികളെ ഉടച്ചു വാർക്കുകയാണ് ചെയ്യേണ്ടതെന്ന് മനഃശാസ്ത്ര ഗവേഷകർ ചൂണ്ടികാണിക്കുന്നു. പരസ്പര ബഹുമാനം, സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടിയുള്ള പതിവ് നിയമങ്ങളോ പ്രതീക്ഷകളോ ഇല്ലാതെ ബന്ധങ്ങൾ ഇഷ്ടാനുസൃതമാക്കാനുള്ള സ്വാതന്ത്ര്യമാണ് ആദ്യം നേടിയെടുക്കേണ്ടത്.
പങ്കാളികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ സ്വയം മുൻകൈയെടുക്കണം. അങ്ങനെ പോകുന്നത് പോളിയാമറി (ഒന്നിലധികം ബന്ധങ്ങൾ) മാത്രമല്ലേയെന്ന ചോദ്യം ഉയർന്നു വന്നേക്കാം. എന്നാൽ ഇത് അങ്ങനെയല്ല. പോളിയാമറിയിൽപ്പെട്ടവർ സാധാരണയായി ഒന്നിലധികം ആളുകളെ പ്രണയിക്കുന്നു. എന്നാൽ പ്രത്യേകമായി ഒരു പങ്കാളി ഉണ്ടായിരിക്കുകയോ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയോ പോലുള്ള ചില ഘടനകൾ ഇക്കൂട്ടർക്കില്ല. പക്ഷെ പോളിയാമറി ആകാതെ തന്നെ ഒരേ സമയം ഒന്നിലധികം ആളുകളെ ആഴത്തിൽ പ്രണയിക്കുന്നതും സാധ്യതയുള്ള കാര്യമാണ്. വൈകാരിക അടുപ്പം, സത്യസന്ധത, വ്യക്തത എന്നിവയാണ് ഇതിലെ അടിസ്ഥാന മൂല്യങ്ങൾ.
നിങ്ങളല്ലാതെ മറ്റാരും നിങ്ങളുടെ ബന്ധങ്ങൾക്ക് നിയമങ്ങൾ നിർമ്മിക്കുന്നില്ല. അത്രമാത്രം. ഇവിടെ ഒരു തിരക്കഥയുടെ ആവശ്യമില്ല. സ്നേഹം ഇഷ്ടാനുസരണം പങ്കുവയ്ക്കാം. ഇത്തരത്തിലുള്ള ബന്ധങ്ങൾ ചിലർക്ക് കൂടുതൽ സങ്കീർണ്ണമാണെന്ന് തോന്നിയേക്കാം,എന്നാൽ ഇതെപ്പോഴും സത്യസന്ധമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. സമൂഹം കൽപ്പിക്കുന്ന ലേബലുകൾ ഇല്ലെങ്കിലും, പരസ്പരം സ്നേഹവും കരുതലും സ്ഥിരതയും ഉണ്ടെങ്കിൽ അത് അവസാനം വരെയും നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |