താരസംഘടനയായ അമ്മയുമായി നടൻ സുകുമാരനുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ഭാര്യയുമായ മല്ലിക സുകുമാരൻ. മമ്മൂട്ടിയുമായി മാത്രമാണ് സുകുമാരൻ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുളളൂവെന്നും അവർ പറഞ്ഞു. മോഹൻലാലിനെക്കാളും ഭർത്താവിന് കൂടുതൽ സൗഹൃദമുണ്ടായിരുന്നത് മമ്മൂട്ടിയോടായിരുന്നുവെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അച്ഛനില്ലാതെയാണ് ഞാൻ മക്കളെ വളർത്തിയത്. അതുകൊണ്ട് ദൈവത്തോട് എന്നും പ്രാർത്ഥിക്കാറുണ്ട്. സങ്കടം വരുമ്പോൾ എപ്പോഴും ഓർക്കുന്നത് എന്റെ ഭർത്താവിനെയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഒരു സങ്കടവും ഉണ്ടാകില്ലായിരുന്നുവെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അത് ഇപ്പോഴും മനസിൽ ഒരു വിങ്ങലാണ്. സംഘടനയുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം ഒരുപാട് വേദനിച്ചിരുന്നു. അത് മമ്മൂട്ടിക്ക് മാത്രമേ അറിയുളളൂ. അദ്ദേഹവും മമ്മൂട്ടിയുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹം മമ്മൂട്ടിയോട് പല കാര്യത്തിലും അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. ആ സമയത്ത് മോഹൻലാൽ ചെറുപ്പമായിരുന്നു. ഞാൻ മക്കളെ വളർത്തിയ രീതിയൊക്കെ മമ്മൂട്ടിക്ക് നന്നായി അറിയാം. അക്കാര്യത്തിൽ മമ്മൂട്ടിയുടെ മനസ് നല്ലതാണ്.
പൃഥ്വിരാജ് ഇതുവരെ അഭിനയിച്ചതിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ ആടുജീവിതം ആയിരുന്നു. ഇന്ദ്രജിത്ത് കുറച്ച് സിനിമകളെ ചെയ്തിട്ടുളളൂ. അവൻ ഒരുപാട് ആലോചിച്ചിട്ടാണ് സിനിമ ചെയ്യുന്നത്. അധികം പി ആർ വർക്കുകളൊന്നും ചെയ്തിട്ടില്ല. എനിക്ക് ആരോടും വിരോധമില്ല. പിന്നെ നമ്മളെ സോഷ്യൽ മീഡിയയിലൂടെ ട്രോളുന്ന ചിലരുണ്ട്. അവരോട് സഹതാപമാണ് തോന്നുന്നത്. അവർക്ക് വേറെ വരുമാനമില്ല. അതുകൊണ്ടാണ്. ഷൈൻ ടോം ചാക്കോയുടെ അവസ്ഥ കണ്ടപ്പോൾ എനിക്ക് വലിയ വിഷമമായി. അവന്റെ അച്ഛൻ മരിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ എന്ത് മോശമായിട്ടാണ് ആളുകൾ പ്രതികരിച്ചത്. ഷൈനിന് ഒരു തെറ്റുപറ്റി. അത് ശരിയാണ്. പക്ഷെ അച്ഛൻ മരിക്കുമ്പോഴാണോ ഇങ്ങനെ പറയുന്നത്'- മല്ലിക സുകുമാരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |