സംസ്ഥാനത്തുടനീളം തുടരുന്ന അതിശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. തീവ്രമായ മഴ മൂന്നുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടക, ആന്ധ്ര, ഒഡിഷ തീരങ്ങളിൽ ചക്രവാതച്ചുഴി രൂപംകൊണ്ടതാണ് പെരുമഴയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കൻ ജില്ലകളിൽ 50 - 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാദ്ധ്യത പ്രവചിച്ചിട്ടുള്ളതിനാൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുനീക്കുന്നതിന് അമാന്തം കാണിക്കാൻ പാടില്ല. കനത്ത മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഞായറാഴ്ച സംസ്ഥാനത്ത് നാല് മരണം സംഭവിച്ചു. രണ്ടുപേരെ കാണാതായിട്ടുമുണ്ട്.
മഴ കനത്തതോടെ സംസ്ഥാനത്തുടനീളം തീരദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് കടലാക്രമണം കാരണം സംഭവിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് കടൽനിരപ്പ് അസാധാരണമാം വിധം ഉയരുന്നത്.
തിരുവനന്തപുരത്ത് വെട്ടുകാട് പ്രദേശത്ത് പത്തോളം വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പലയിടത്തും തീരസംരക്ഷണത്തിനായി സ്ഥാപിച്ച മണൽച്ചാക്കുകൾ കടലെടുത്തു പോയതോടെയാണ് കടലാക്രമണം രൂക്ഷമായത്. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകളെ അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ടതാണ്. കടലാക്രമണത്തിൽ തീരദേശ റോഡുകളും പലയിടങ്ങളിലും നശിച്ചുപോയിട്ടുണ്ട്. തീരത്തുനിന്ന് വളരെ ദൂരെ മാറ്റിയിട്ട വള്ളങ്ങൾ പോലും നഷ്ടപ്പെട്ടതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കപ്പൽ ദുരന്തത്തിന്റെ ഫലമായി തീരത്ത് കണ്ടെയ്‌നറുകൾ അടിഞ്ഞതും പ്ളാസ്റ്റിക് തരികൾ തീരങ്ങളിൽ അടിഞ്ഞതും തീരദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ കനത്ത മഴ കൂടിയായതോടെ മത്സ്യബന്ധനം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ട്രോളിംഗ് നിരോധനവും മോശം കാലാവസ്ഥയും തീരദേശ മേഖലയിൽ പണിയെടുക്കുന്ന അനുബന്ധ തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കപ്പൽ അപകടത്തെത്തുടർന്ന് ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സഹായധനം വർദ്ധിപ്പിക്കണമെന്നും മറ്റ് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കു കൂടി പ്രത്യേക സാഹചര്യം പരിഗണിച്ച് സഹായം നൽകണമെന്നുമാണ് തീരദേശ മേഖലയുടെ ആവശ്യം. പലിശരഹിത വായ്‌പ നൽകുക, പാറക്കെട്ടുകളുടെ സംരക്ഷണമില്ലാത്ത സ്ഥലങ്ങളിൽ തീരസംരക്ഷണത്തിനായി കടൽഭിത്തി തീർക്കുക തുടങ്ങിയ ആവശ്യങ്ങളും ഈ മേഖല മുന്നോട്ടുവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത് വയനാട് പടിഞ്ഞാറത്തറ ഭാഗത്താണ്. 61 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് ഇവിടെ അടിച്ചത്. പൊന്മുടിയിൽ 57 കിലോമീറ്റർ വേഗതയിലും വെള്ളായണിയിൽ 41 കിലോമീറ്റർ വേഗതയിലും കാറ്റടിച്ചു.
കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ മൂന്നാമത്തെ വലിയ മഴയാണ് ഇന്നലെ പെയ്തത്. മഴയോടൊപ്പം ഇങ്ങനെ കാറ്റടിക്കുന്നതാണ് മരച്ചില്ലകൾ വ്യാപകമായി ഒടിഞ്ഞുവീഴാൻ ഇടയാക്കുന്നത്. കൊല്ലത്ത് തീവണ്ടിപ്പാളത്തിലേക്ക് മരം പൊട്ടിവീണ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമാണ്. എറണാകുളത്തേക്കുള്ള വഞ്ചിനാട് എക്സ്‌പ്രസ് കടന്നുപോയി നിമിഷങ്ങൾക്കുള്ളിലാണ് മരം വീണത്. മരം വൈദ്യുതിലൈനിൽ വീണ് തീപിടിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർമാർ സ്റ്റേഷൻ മാസ്റ്ററെ ഉടൻതന്നെ വിവരമറിയിക്കുകയും മറ്റ് വണ്ടികൾ കടന്നുവരാനുള്ള സിഗ്‌നലുകൾ തടയുകയും ചെയ്തതിനാലാണ് അപകടത്തിന്റെ വ്യാപ്‌തി കുറയ്ക്കാനായത്. റെയിൽവേ ലൈനിനു സമീപം അപകടകരമായി നിൽക്കുന്ന എല്ലാ വൃക്ഷച്ചില്ലകളും വൃക്ഷങ്ങളും അടിയന്തരമായി മുറിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. അതുപോലെ തന്നെ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാനും നടപടിയുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |