നെയ്യാറ്റിൻകര: അമൃത് ഭാരത് റെയിൽവേ പദ്ധതിയുടെ ഭാഗമായി നടന്നുവന്നിരുന്ന നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. രണ്ടു വർഷമായിട്ടും ആസൂത്രണം ചെയ്ത പദ്ധതിയുടെ പകുതി പോലും പൂർത്തിയാകാത്തതിൽ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമാണ്.
ദീർഘദൂര എക്സ്‌പ്രസ് തീവണ്ടികൾക്കുവരെ സ്റ്റോപ്പ് ഉണ്ടായിരുന്ന നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ കാലക്രമേണ സ്റ്റോപ്പ് ഇല്ലാതെയായി. തിരുവനന്തപുരം സെൻട്രൽ,തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കഴിഞ്ഞാൽ പ്രധാന സ്റ്റേഷനാകാൻ അർഹതയുള്ള സ്റ്റേഷനാണ് നെയ്യാറ്റിൻകര.
അമൃത് ഭാരത് പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടുത്തെ റോഡുകൾ വീതി കൂടുകയും സ്റ്റേഷൻ കവാടം യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ മാറ്റി സ്റ്റേഷനും പരിസരവും നവീകരിക്കുകയും ചെയ്യും. ആധുനിക വിശ്രമമുറികൾ, കഫറ്റേരിയ, ബിസിനസ് യോഗങ്ങൾ നടത്താനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തും. ഉയർന്ന നിലവാരമുള്ള നടപ്പാതകൾ, മികച്ച വെളിച്ച സംവിധാനങ്ങൾ തുടങ്ങിയവയും നടപ്പിലാക്കും. ഇതിലൂടെ നെയ്യാറ്റിൻകര സ്റ്റേഷനെ ഉന്നത നിലവാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം.എന്നാൽ രണ്ടിടങ്ങളിലായി കാർ പാർക്കിംഗ് യാർഡും ഒരു ഇരുചക്രവാഹന പാർക്കിംഗ് സൗകര്യവുമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
ചിറയിൻകീഴിൽ പൂർത്തിയായി
ഒരുമിച്ചാരംഭിച്ച ചിറയിൻകീഴ്,കുഴിത്തുറ സ്റ്റേഷനുകളുടെ പണികൾ പൂർത്തിയായെങ്കിലും നെയ്യാറ്റിൻകര സ്റ്റേഷൻ നവീകരണം പാതിവഴിയിലായി. നെയ്യാറ്റിൻകര,ചിറയിൻകീഴ് പദ്ധതികൾ ഒറ്റ ടെൻഡർ ആയിരുന്നുവെന്നും പദ്ധതിക്കായി അനുവദിക്കപ്പെട്ടിരുന്ന തുക ചിറയിൻകീഴിലെ പദ്ധതിക്കും നെയ്യാറ്റിൻകരയിലെ പൂർത്തിയാക്കപ്പെട്ട പ്രവർത്തനങ്ങൾക്കും ചെലവായിക്കഴിഞ്ഞു എന്നുമാണ് വിവരം. സെക്കൻഡ് ഫേസ് ആയി ആവശ്യമായ തുക അനുവദിച്ചാലേ നെയ്യാറ്റിൻകരയിലെ വികസന സ്വപ്നങ്ങൾ പൂവണിയൂ. മഴയും മെറ്റീരിയൽസിന്റെ കുറവും അനുകൂലമല്ലാത്ത കാലാവസ്ഥയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്.
ദൈനംദിന ദുരിതം
നിർമ്മാണപ്രവർത്തനങ്ങൾ നീളുന്നത് ഏറ്റവുമധികം ബാധിക്കുന്നത് റെയിൽവേ സ്റ്റേഷന്റെ സമീപവാസികളെയും കച്ചവടക്കാരെയുമാണ്. ചെളിയും പൊടിയും സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |