കഞ്ചിക്കോട്: കാട്ടാനകൾ കൃഷി നശിപ്പിച്ച കർഷകർക്ക് ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല. ഫണ്ടുണ്ടായിട്ടും വനം വകുപ്പ് സഹായം നൽകുന്നില്ലെന്നാണ് ആരോപണം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് പോലും ഇതുവരെ ചികിത്സാ സഹായം കിട്ടിയിട്ടില്ല. ഇത്തരം ആവശ്യങ്ങൾക്ക് സഹായം നൽകാനായുള്ള ഫണ്ട് വനം വകുപ്പിന്റെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ളപ്പോഴാണ് അർഹരായ കർഷകർക്ക് സഹായം നിഷേധിക്കപ്പെടുന്നത്.
കാട്ടാനകൾ നാട്ടിലേക്കിറങ്ങിയത് മൂലം പുതുശ്ശേരി പഞ്ചായത്തിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ആനകൾ വയലിലൂടെ ഇറങ്ങിയതിനാൽ ചുള്ളിമട പാടശേഖര സമിതിക്ക് കീഴിലുള്ള കൃഷിയിടങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ജനുവരിയിൽ ചുള്ളിമട മുരുകാനന്ദന്റെ ഒരേക്കർ വിളഞ്ഞ നെൽപ്പാടമാണ് ആനകൾ ചവിട്ടി മെതിച്ചത്. പന്ത്രണ്ടോളം തെങ്ങുകളും പിഴുതെറിഞ്ഞു. പരിസരത്തുള്ള വയലുകളിലൂടെ ആനകൾ ഇറങ്ങിയോടിയത് മൂലം വലിയ കൃഷിനാശമുണ്ടായി.
വനം ഉദ്യോഗസ്ഥരും കൃഷി ഉദ്യോഗസ്ഥരും കണക്കുകളെടുത്ത് പോയെങ്കിലും ഇതുവരെ കർഷകർക്ക് നഷ്ടപരിഹാരം കിട്ടിയില്ല. കടംവാങ്ങിയാണ് കർഷകർ അടുത്ത വിളയിറക്കലിനുള്ള കൃഷിപണികൾ ചെയ്യുന്നത്. ആനകളെ ആകർഷിക്കുന്ന ചക്കയും മാങ്ങയും മറ്റ് ഫലവർഗങ്ങളും വിളയുന്ന വൃക്ഷങ്ങൾ വെട്ടിക്കളയാൻ ഒറ്റയാൻ ഇറങ്ങിയ സമയത്ത് വനം വകുപ്പ് നിർദ്ദേശിച്ചിരുന്നു. കണക്ക് നൽകിയാൽ ഇങ്ങിനെ വെട്ടിക്കളഞ്ഞ മരങ്ങളുടെ വില നഷ്ടപരിഹാരമായി നൽകാമെന്ന് തുടക്കത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും മരം വെട്ടിക്കളഞ്ഞ ആർക്കും ഒരു സാമ്പത്തിക സഹായവും കിട്ടിയില്ല. ആനയുടെ ആക്രമത്തിൽ പരിക്ക് പറ്റിയ പശുക്കളുടെ ഉടമസ്ഥരായ ക്ഷീര കർഷകർക്കും വനം വകുപ്പിൽ നിന്ന് ഒന്നും കിട്ടിയില്ല. വനം വകുപ്പിന്റെ കർഷകവിരുദ്ധ നടപടിക്കെതിരെ കർഷക കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം എസ്.കെ.ജയകാന്തൻ പറഞ്ഞു.
ആനകൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വനം വകുപ്പ് ഒരു നടപടിയും എടുക്കുന്നില്ല. നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും നൽകുന്നില്ല. ഇത് ക്രൂരതയാണ്. ഇങ്ങിനെ പോയാൽ ഞങ്ങൾക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരും.സഹദേവൻ, കർഷകൻ, ചുള്ളിമട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |