പാലക്കാട്: കോട്ടായിയിൽ സി.പി.എമ്മിൽ ചേർന്ന കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചുവപ്പ് പെയിന്റടിക്കാൻ നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി.
മോഹൻകുമാറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ഇന്നലെ രാവിലെയാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണിത്..പിന്നാലെ, കോട്ടായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ചുവപ്പ് പെയിന്റടിച്ച് സി.പി.എം ഓഫീസാക്കാൻ അവർ നടത്തിയ ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയായി.പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന്റെ കരാർ തന്റെ പേരിലാണെന്നും താൻ പിന്തുണയ്ക്കുന്ന പാർട്ടിയുടെ ഓഫീസായി കെട്ടിടത്തെ മാറ്റുമെന്നും മോഹൻകുമാർ പറഞ്ഞു. എന്നാൽ, 72 കൊല്ലമായി പ്രവർത്തിക്കുന്ന പാർട്ടി ഓഫീസ് സി.പി.എമ്മിന് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. സംഘർഷം കനത്തത്തോടെ പൊലീസ് ലാത്തി വീശി. പാർട്ടി വിട്ടവർ ഓഫീസിൽ ബലമായി കയറിയതോടെ പൊലീസ് മുഴുവൻ പേരെയും നീക്കി പാർട്ടി ഓഫീസ് പൂട്ടി. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇരു വിഭാഗത്തിനും ആലത്തൂർ ഡിവൈ.എസ്.പി നിർദേശം നൽകി. രേഖകൾ പരിശോധിച്ച് ആർ.ഡി.ഒ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഷാഫി പറമ്പിൽ പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ ജയിച്ചത് വർഗീയത പറഞ്ഞാണെന്ന്
മോഹൻകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.നേരത്തെ, ഡി.സി.സി നേതൃത്വത്തെ വിമർശിച്ച് കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |