ടെൽ അവീവ്: ഇറാൻ- ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകെ, ഇരുപക്ഷത്തും മരണ സംഖ്യ ഉയരുന്നു. ആക്രമണമാരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാനും 24 മരണം ഇസ്രയേലും സ്ഥിരീകരിച്ചു.
ഇറാന്റെ ഉന്നതരെ തേടിപ്പിടിച്ച് വകവരുത്തുകയാണ് ഇസ്രയേൽ. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കുടുംബവുമായി ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ ലാവിസാനിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരം.
വെള്ളിയാഴ്ച തന്നെ ഖമനേയിയെ വധിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസേമി ഇന്നലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഖുദ്‌സ് ഫോഴ്സ് (റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗം) ഇന്റലിജൻസ് തലവൻ മൊഹ്സീൻ ബക്രി, ഉപതലവൻ അബ്ദുൾ ഫസൽ നിഖോയ് എന്നിവരും കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലും ആണവായുധ ഗവേഷണം നടത്തുന്ന പാർചിൻ സൈനിക കേന്ദ്രത്തിലും ബോംബിട്ടു. ടെഹ്റാനിൽ അഞ്ച് കാർ ബോംബുകളും പൊട്ടിത്തെറിച്ചു.
ടെഹ്‌റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കുമെന്നും ജനം ടെഹ്റാൻ വിടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തി.
ടിവി ആസ്ഥാനത്തും
ഇസ്രയേൽ മിസൈൽ
ഇറാന്റെ ദേശീയ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനത്തും ഇസ്രയേൽ മിസൈൽ ഇട്ടു. സർക്കാർ നിയന്ത്രിത ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാൻ ന്യൂസ് നെറ്റ്വർക്കിന്റെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. തത്സമയ വാർത്താ സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. കെട്ടിടാവശിഷ്ടങ്ങൾ സ്റ്റുഡിയോയിൽ പതിച്ചെങ്കിലും അവതാരക ഓടി രക്ഷപ്പെട്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം സംപ്രേക്ഷണം പുനരാരംഭിച്ചു. ആക്രമണത്തിൽ നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് സൂചന. പുറത്തു വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു. രക്തമൊഴുകുന്ന കൈയുമായി ജോലി തുടർന്ന റിപ്പോർട്ടർ വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇറാന്റെ ദേശീയ ടെലിവിഷൻ ഉടൻ അപ്രത്യക്ഷമാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
അയൺ ഡോമിനെ വീണ്ടും
മറികടന്ന് ഇറാൻ മിസൈൽ
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോമിനെ വീണ്ടും വെട്ടിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇന്നലെ പുലർച്ചെ ടെൽ അവീവ്, ഹൈഫ, ബ്നെയ് ബ്രാക്ക്, പെറ്റ ടിക്കാവ എന്നിവിടങ്ങളിൽ പതിച്ചു
8 പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്കേറ്റു. ടെൽ അവീവിലെ യു.എസ് എംബസിയ്ക്ക് കേടുപാടുണ്ട്. ജീവനക്കാർ സുരക്ഷിതരാണ്. യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേൽ വെടിവച്ചിട്ടു
2,300 കി. മീ പറന്നെത്തി
ഇസ്രയേൽ ബോംബിഗ്
ഇസ്രയേലിൽ നിന്ന് 2,300 കിലോമീറ്റർ പറന്നെത്തിയ യുദ്ധവിമാനം വടക്കു കിഴക്കൻ ഇറാനിലെ മഷാദ് എയർപോർട്ടിനെ തകർത്തു. ഇസ്രയേലി എയർഫോഴ്സ് ഇത്രയും ദൂരത്തെത്തി ആക്രമിക്കുന്നത് ആദ്യം
മദ്ധ്യ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, മിസൈൽ ലോഞ്ചറുകൾ തുടങ്ങിയവ തരിപ്പണമാക്കി. ഷിറാസിലെ സൈനിക കേന്ദ്രങ്ങളിൽ ഉഗ്ര സ്ഫോടനം
ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അതിര്‍ത്തി തുറന്ന് ഇറാന്‍
5 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിസാര പരിക്ക് കുടുങ്ങിയത് 1500 വിദ്യാർത്ഥികൾ
ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഇന്നലെ ഇറാൻ അതിർത്തികൾ തുറന്നു കൊടുത്തു. ഇതോടെ, സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. അതിർത്തി വഴി അസർബൈജാൻ, തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലേക്ക് കടക്കാൻ എല്ലാ സഹായവും ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. ടെഹ്റാൻ യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ സയൻസസിന് സമീപമുണ്ടായ വ്യോമാക്രമണത്തിലാണിത്. പരിക്കേറ്റവരിൽ മൂന്നുപേർ ജമ്മുകാശ്മീർ സ്വദേശികളും, രണ്ടുപേർ മഹാരാഷ്ട്രക്കാരുമാണ്. ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇടപെട്ട് സർവകലാശാലയിലെ 300ൽപ്പരം വിദ്യാർത്ഥികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
1500 വിദ്യാർത്ഥികൾ അടക്കമാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയത്. കൂടുതലും ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ്. സ്ഥിതി നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |