തിരുവനന്തപുരം: സർവകലാശാലകളെ സർക്കാർ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ ആർ.വി. ആർലേക്കർ. സർവകലാശാലകളെയും കോളേജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കും. പുനർവിചിന്തനം നടത്തിയില്ലെങ്കിൽ അടുത്ത തലമുറകളുടെ ഭാവി അവതാളത്തിലാവും. കേരള സർവകലാശാല സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ന്യൂനതയാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ക്യാമ്പസുകൾ. സർവകലാശാലകൾക്ക് സ്വയംഭരണമുണ്ടാവണം. യൂണിവേഴ്സിറ്റികൾ സ്വതന്ത്രമായി പ്രവർത്തിക്കണം. രാഷ്ട്രീയപരമായല്ലാതെ തീരുമാനങ്ങളെടുക്കാൻ സർവകലാശാലാ സംവിധാനത്തിന് സ്വാതന്ത്ര്യമുണ്ടാകണം. രാഷ്ട്രീയം കാരണം ഇപ്പോൾ സാദ്ധ്യമാവുന്നില്ല.
ക്യാമ്പസുകളിലെ രാഷ്ട്രീയം വിദ്യാർത്ഥികളെ മടുപ്പിക്കുന്നു. പൂനെയിലെ ബാലാജി സർവകലാശാലയിൽ പോയപ്പോൾ നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളെ കണ്ടു. അവിടത്തെ കോർപ്പറേഷന്റെ ഒരു വാർഡിൽ ഒരു ലക്ഷത്തിലേറെ മലയാളികളുണ്ട്. രാഷ്ട്രീയ അതിപ്രസരം മടുത്താണ് അവിടങ്ങളിലേക്കുള്ള ഈ ഒഴുക്ക്. ഇതിന്റെ കാരണമെന്തെന്ന് ആത്മപരിശോധന നടത്തി പരിഹരിക്കണം. കേരളം മാത്രമല്ല, മറ്ര് സംസ്ഥാനങ്ങളും സർവകലാശാലകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഇത് ഉന്നതവിദ്യാഭ്യാസത്തിന് ഹിതകരമല്ല.
ദേശീയ വിദ്യാ.നയം
ആത്യന്തികമല്ല
ദേശീയ വിദ്യാഭ്യാസ നയം ആത്യന്തികമല്ലെന്നും വിവിധ തലങ്ങളിലെ ചർച്ചകളിലൂടെ മെച്ചപ്പെടുത്തലുകൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഗവർണർ. ഇതിലൂടെയേ മികച്ച വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കാനാവൂ. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സെനറ്റംഗങ്ങളെ രാജ്ഭവനിലേക്ക് ഗവർണർ സ്വാഗതം ചെയ്തു.
'ഇവരെന്താണ് കാട്ടുന്നത് ?'
സെനറ്റിലെ പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഗവർണർക്കെതിരെ ‘വീ നീഡ് ചാൻസലർ നോട്ട് സവർക്കർ’ (ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത് സർവക്കറെയല്ല) എന്നെഴുതിയ ബാനറുകളടക്കം എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. ഇത് കണ്ടപ്പോൾ 'ഇവരെന്താണ് ഈ കാട്ടുന്നതെന്ന് ' ഗവർണർ രജിസ്ട്രാറോടും വി.സിയോടും ചോദിച്ചു.
പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നെന്ന്
വി.സിമാർ, ഇടപെടുമെന്ന് ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളുടെ പദ്ധതി വിഹിതത്തിൽ 50% വരെ സർക്കാർ വെട്ടിക്കുറയ്ക്കുന്നെന്നും ഇത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും വൈസ്ചാൻസലർമാർ. വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെയടക്കം ഇത് ബാധിക്കുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുമെന്ന് ഗവർണർ ആർ.വി ആർലേക്കർ വി.സിമാർക്ക് ഉറപ്പു നൽകി. ഇന്നലെ രാജ്ഭവനിൽ ഗവർണർ വിളിച്ച യോഗത്തിൽ 10 വിസിമാരും എം.ജി സർവകലാശാലയിലെ മുതിർന്ന പ്രൊഫസറും പങ്കെടുത്തു. അവിടത്തെ വി.സി റഷ്യയിലാണ്. കണ്ണൂർ വി.സി നാക് പരിശോധനാ സംഘത്തിന്റെ ഭാഗമായതിനാൽ വന്നില്ല. ഓപ്പൺ സർവകലാശാലാ വി.സി കുടുംബത്തിലെ വിവാഹചടങ്ങായതിനാൽ പങ്കെടുത്തില്ല. ഇരുവരും വിവരം നേരത്തേ ഗവർണറെ അറിയിച്ചിരുന്നു.
ഇഗ്നോ കോഴ്സുകൾ എല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദ്ദേശിച്ചു. കോഴ്സുകൾ അംഗീകരിക്കുന്നതിൽ തടസമില്ലെന്നും പി.എസ്.സി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് പ്രശ്നമെന്നും വി.സിമാർ അറിയിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ ചട്ടങ്ങൾ (സ്റ്റാറ്റ്യൂട്ട്) ഉടൻ തയ്യാറാക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. സാങ്കേതിക സർവകലാശാലയിലെ ബഡ്ജറ്റ് വി.സിയുടെ പ്രത്യേക അധികാരമുപയോഗിച്ച് അംഗീകരിക്കാൻ നേരത്തേ ചാൻസലർ നിർദ്ദേശിച്ചിരുന്നു. എന്നാൽ 26വരെ നയപരമായ തീരുമാനങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളതായി വി.സി അറിയിച്ചു. അക്കാഡമിക് കലണ്ടർ കൃത്യമായി പാലിക്കണമെന്നും പരീക്ഷയും ഫലപ്രഖ്യാപനവും സമയത്ത് നടത്തണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |