തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി.സെപ്തംബർ 30വരെ പ്രയോജനം കിട്ടും.നിലവിലെ വ്യവസ്ഥകൾ ബാധകമാണ്. നിലവിലെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തേക്ക് നീട്ടാൻ കരാറായത്.
മൂന്ന് മാസത്തേക്ക് പ്രീമിയം 1593രൂപയായിരിക്കും.ശേഷിക്കുന്ന മൂന്ന് മാസത്തേക്ക് 75000രൂപവരെയുള്ള ആരോഗ്യപരിരക്ഷ ലഭിക്കും. കാറ്റസ്ട്രോഫിക് പാക്കേജ് നിലവിലെ രീതിയിൽ തുടരും. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തില്ല.
2022 ജൂലായ് ഒന്നുമുതലാണ് മെഡിസെപ് തുടങ്ങിയത്. 2025ജൂൺ 30ന് അവസാനിച്ചു. പുതിയ പദ്ധതി തുടങ്ങുന്നതിനായി സർക്കാർ സർവ്വീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു.സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പ്രീമിയം കൂട്ടണമെന്നും കവറേജ് വർദ്ധിപ്പിക്കണമെന്നുമാണ് ശുപാർശ. പുതിയ പദ്ധതി തുടങ്ങുന്നതിന് ടെൻഡർ വിളിക്കുകയോ, ചർച്ചയോ മറ്റ് നടപടികളോ തുടങ്ങിയിട്ടില്ല. ഇതിന് കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് നിലവിലെ പദ്ധതി താത്കാലികമായി നീട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |