കൊല്ലം: പീരങ്കി മൈതാനത്ത് അന്ന് അവർ, ജാതിക്കോമരങ്ങളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ കല്ലുമാലകളുടെ ഓർമ്മകൾ ഇപ്പോഴുമുണ്ട്. മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനത്തിൽ ആ ചരിത്രത്തിന് ചൂടുംചൂരുമേറുന്നു. കൊല്ലം ശ്രീനാരായണ കോളേജിന് സമീപത്തെ കന്റോൺമെന്റ് മൈതാനമെന്ന പീരങ്കി മൈതാനം 1915ലാണ് കല്ലുമാല സമരത്തിന്റെ സമാപന വേദിയായത്. അതേ സ്ഥലത്ത് അയ്യങ്കാളിയുടെ പൂർണകായ പ്രതിമ ഇപ്പോഴും അധികാരി വർഗത്തിന് താക്കീതുനൽകി തലയെടുപ്പോടെ നിലകൊള്ളുന്നു.
ദളിത് വിഭാഗക്കാരായ സ്ത്രീകളുടെ വിമോചന പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലുമാല സമരം. പിന്നാക്ക ജാതിക്കാരായ സ്ത്രീകൾ അരയ്ക്കുമേലെയും മുട്ടിന് താഴെയും മറയ്ക്കാൻ പാടില്ലെന്നായിരുന്നു അന്നത്തെ അലിഖിത നിയമം. പുലയർ തുടങ്ങിയ വിഭാഗങ്ങളിലെ സ്ത്രീകൾ ജാതി അടിമത്തത്തിന്റെ അടയാളമെന്ന നിലയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം അക്കാലത്തുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു 1914ൽ അയ്യങ്കാളി ഉൾപ്പടെയുള്ളവർ നേതൃത്വം നൽകിയ കല്ലുമാല ബഹിഷ്കരണ സമരം ഉടലെടുത്തത്. ആചാരത്തിനെതിരെയുള്ള പോരാട്ടമായി, പെരിനാട് ലഹളയായി അത് മാറി.
ലഹളയായി മാറിയ പോരാട്ടം
പെരിനാട് ഗ്രാമത്തിൽ അയ്യങ്കാളി കൊളുത്തിയ പ്രക്ഷോഭത്തിന്റെ കൈത്തിരി നാടാകെ പടർന്നുകത്തി. പീരങ്കി മൈതാനത്ത് അദ്ദേഹം സമ്മേളനം വിളിച്ചുകൂട്ടി. നോട്ടീസോ മൈക്ക് അനൗൺസ്‌മെന്റോ ഇല്ലാതെതന്നെ പതിനായിരങ്ങൾ ഒഴുകിയെത്തി. സവർണ ആക്രമണങ്ങളിൽ വീടുപേക്ഷിച്ചു പോകേണ്ടിവന്നവർ, ശരീര ഭാഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവരടക്കം ആണും പെണ്ണും കുട്ടികളും ഒത്തുചേർന്നു. പതിനായിരങ്ങളെ നോക്കി, ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അറുത്തുവലിച്ചെറിയാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. കൈ കൊണ്ടും കൊയ്ത്തരിവാളുകൾ കൊണ്ടും ഓരോരുത്തരും കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. പീരങ്കി മൈതാനത്താകെ കല്ലുമാലകൾ നിറഞ്ഞു. കല്ലുമാലയെന്ന ദുരാചാരത്തിന്റെ അവസാനം കൂടിയായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |