ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ മനുഷ്യൻ നടത്തുന്ന കണ്ടുപിടിത്തങ്ങൾ മനുഷ്യരാശിക്കു തന്നെ ഭാവിയിൽ ദോഷകരമാവുന്ന വിപത്തുകളായും മാറാറുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് പ്ളാസ്റ്റിക്. അത് ഭൂമിയിൽ ലയിച്ചുചേരില്ല. മണ്ണിനും മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി അത് അവിടെത്തന്നെ നിലനിൽക്കും. ഉപയോഗിക്കാനുള്ള എളുപ്പവും വിലക്കുറവും കാരണം അത് ലോകമാകെ പ്രചാരത്തിലായി. ഇപ്പോൾ പ്ളാസ്റ്റിക്കിന്റെ ഏതെങ്കിലുമൊരു വീട്ടുസാധനം ഇല്ലാത്ത വീടുകൾ ലോകത്തെങ്ങും ഇല്ലെന്നതാണ് സ്ഥിതി. പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളം പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇതിന്റെ കെടുതി പരിധിവിട്ടത്. ഇത്തരം ഒഴിഞ്ഞ കുപ്പികൾ വലിച്ചെറിയപ്പെടാത്ത ഒരു സ്ഥലവും ഇല്ലെന്നായി. കല്യാണസ്ഥലത്തും മരണവീട്ടിലും, എന്തിന് ഏതൊരു ചടങ്ങും നടക്കുന്നിടങ്ങളിലെല്ലാം 'മുഖ്യ വില്ലൻ" കഥാപാത്രമായി പ്ളാസ്റ്റിക് മാറിയിട്ട് വർഷങ്ങളായി.
പ്ളാസ്റ്റിക്കിന്റെ നിർമ്മാണം നിരോധിക്കാതെ ഉപയോഗം നിരോധിച്ചതുകൊണ്ടുമാത്രം ഇതിനെ തടയാനാകില്ല. നിർമ്മാണവും ഒറ്റയടിക്ക് നിരോധിക്കുക സാദ്ധ്യമല്ല. ലക്ഷക്കണക്കിന് ആളുകൾ ഇതിന്റെ നിർമ്മാണവും വിതരണവും വിൽപ്പനയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നുണ്ട്. നിരോധിക്കുന്നതിനു പകരം ഭൂമിയിൽ ദ്രവിച്ചു ചേരുന്ന തരത്തിലുള്ള പുതിയ ഇനം പ്ളാസ്റ്റിക് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളാണ് നടക്കേണ്ടത്. ജപ്പാനിൽ ഉപ്പുവെള്ളത്തിൽ അലിഞ്ഞ് നശിക്കുന്ന തരം പ്ളാസ്റ്റിക് കണ്ടുപിടിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ ഇത് നിർമ്മിക്കാൻ കഴിയുമെങ്കിൽ മാത്രമേ ലോകമാകെ പ്രചാരത്തിലാവൂ. അക്കാര്യങ്ങളൊന്നും ഇപ്പോൾ വ്യക്തമല്ല.
അതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു കണ്ടാണ് തിരക്കേറിയ പത്ത് മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കല്യാണ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ളാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ളാസ്റ്റിക് ശീതളപാനീയ കുപ്പികൾ, പ്ളാസ്റ്റിക് പ്ളേറ്റ്, കത്തി, സ്‌പൂൺ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. നിരോധനം അടുത്ത ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതലാവും നിലവിൽ വരിക. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് ഫുഡ് കണ്ടെയ്‌നർ, ബേക്കറി ബോക്‌സ് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. 60 ജി.എസ്.എമ്മിനു മേലുള്ള നോൺ വൂവൺ ബാഗുകൾ സംബന്ധിച്ച കേസ് കോടതിയിലുള്ളതിനാൽ അവയ്ക്ക് വിലക്ക് ബാധകമല്ല.
നിരോധനമില്ലാത്ത സ്ഥലങ്ങളിലും ഇത്തരം ചെറിയ പ്ളാസ്റ്റിക് കുപ്പികളുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ട് വരേണ്ടതാണ്. പ്രകൃതിക്ക് ദോഷം വരുത്താത്ത പ്ളാസ്റ്റിക്കിന്റെ പകരക്കാരനാവാൻ മൺപാത്രങ്ങൾക്ക് കഴിയുമെങ്കിലും അതിന്റെ വിലയും ഭാരവും കൂടുതലാണ്. ഈ ഹൈക്കോടതി വിധി കർശനമായി നടപ്പാക്കുന്നതുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഗുണമല്ലാതെ യാതൊരു ദോഷവും സംഭവിക്കില്ല.
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഇത് നടപ്പാക്കുന്നതിനൊപ്പം പ്ളാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |