തിരുവനന്തപുരം: ശബരിമല വിമാനത്താവളം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ പുനരാലോചിക്കണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ആറന്മുളയെക്കാൾ അപകടകരമായ സ്ഥലത്താണ് ഇപ്പോൾ വിമാനത്താവളം നിർമ്മിക്കാൻ പോകുന്നത്. ഇത്രത്തോളം സ്ഥലമുണ്ടെങ്കിൽ ഭൂമിയില്ലാത്തവർക്ക് പതിച്ചുകൊടുത്തു കൂടേ? സി. റഹിം എഴുതിയ 'സുഗതപർവം" എന്ന പുസ്തകം ആർക്കിടെക്ട് ജി. ശങ്കറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ആറന്മുള വിമാനത്താവളത്തിനെതിരെ എല്ലാം രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്നാണ് സമരം നടത്തിയത്. ഭരണം മാറിയപ്പോൾ ആറന്മുളയിൽ ഉണ്ടാകേണ്ടിയിരുന്ന വിമാനത്താവളം ശബരിമലയിൽ വരികയാണ്. പരിസ്ഥിതി കാര്യാലയം അനുമതി കൊടുത്തുവെന്ന് കേട്ടപ്പോൾ അതിശയം തോന്നി. ഈ വിമാനത്താവളത്തിനായി ആ ഭാഗത്തുള്ള സകല കുന്നും ഇടിച്ച് നിരപ്പാക്കും. ഇപ്പോൾ തന്നെ കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. പദ്ധതി നടപ്പിലായാൽ എന്താണ് സംഭവിക്കുക? അത് അനുഭവിച്ചു തന്നെ അറിണം. ശരിക്കും വേണ്ടത് നല്ല വീതിയുള്ള റോഡുകളാണ്.
സുഗതകുമാരി മരങ്ങളെ സംരക്ഷിക്കാനായി ആളുകളെയെല്ലാം ഒത്തുകൂട്ടി സമരം ചെയ്തു. പിന്നെ ഇതു സംബന്ധിച്ച പ്രശ്നങ്ങൾ വരുമ്പോൾ ആളുകൾ പറയും സുഗതകുമാരി ടീച്ചർ വരട്ടെ എന്ന്, ടീച്ചറുടെ ആവശ്യം പോലെയാണ് മരങ്ങളുടെ സംരക്ഷണത്തെ സമൂഹത്തിൽ ചിലർ കണ്ടിരുന്നതെന്നും അടൂർ പറഞ്ഞു. ഡോ.എം.കെ.മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.അലിയാർ, എബ്രഹാം മാത്യു, ആർ.രാജഗോപാൽ, പ്രദീപ് പനങ്ങാട് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |