ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ പുനരാരംഭിച്ചത്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയെ കുറിച്ചുള്ള നിരവധി അപ്ഡേറ്റുകൾ പുറത്തുവന്നെങ്കിലും പേര് മാത്രം പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ശ്രീലങ്കൻ ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗിനായി ശ്രീലങ്കയിൽ എത്തിയ മോഹൻലാലിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായത്.
പേട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത തെന്നിന്ത്യൻ ഇതിഹാസം മോഹൻലാൽ, രാജ്യത്തെ സിനിമാ ചിത്രീകരണ സൗഹൃദമെന്ന് വിശേഷിപ്പിച്ചു എന്നാണ് ശ്രീലങ്കൻ ടൂറീസം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥീരികരണവും ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. വളരെ രഹസ്യമായി സൂക്ഷിച്ച ചിത്രത്തിന്റെ പേര് ഇത്തരത്തിൽ പുറത്തായതിലാണ് ആരാധകർ പ്രതിഷേധിച്ചത്.
പത്തുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ ഉണ്ടാവുക. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ശ്രീലങ്കയിലെ ഈ ഷെഡ്യൂളിന് ശേഷം എടപ്പാളിൽ നാലുദിവസത്തെ ചിത്രീകരണമുണ്ട്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം. നയൻതാരയാണ് നായിക.ജൂലായിൽ ആണ് കൊച്ചി ഷെഡ്യൂൾ. കൊച്ചി ഷെഡ്യൂളിൽ മോഹൻലാലും നയൻതാരയും പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |