അംബാനി സഹോദരങ്ങളുടെ ആസ്തി 3.59 ലക്ഷം കോടി രൂപ
ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി 100 ലക്ഷം കോടി രൂപ
കൊച്ചി: 360 വണ്‍ വെല്‍ത്ത് ക്രിസിലുമായി സഹകരിച്ച് തയ്യാറാക്കിയ '360 വണ്‍ വെല്‍ത്ത് ക്രിയേറ്റേഴ്സ് ലിസ്റ്റിന്റെ' ഉദ്ഘാടന പതിപ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകാശ് അംബാനിയും അനന്ത് അംബാനിയും 3.59 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുന്‍നിരയിലെത്തി . ഇന്ത്യയിലെ മുന്‍നിര സമ്പത്ത്, ആസ്തി മാനേജ്മെന്റ് കമ്പനികളിലൊന്നായ 360 വണ്‍ ഡബ്ല്യു.എ.എമ്മിന്റെ ഭാഗമാണ് 360 വണ്‍ വെല്‍ത്ത്.
500 കോടി രൂപയിലധികം ആസ്തിയുള്ള 2013 വ്യക്തികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സംരംഭകര്‍, പ്രൊഫഷണലുകള്‍, നിക്ഷേപകര്‍, അവകാശികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവരുടെ സംയോജിത ആസ്തിയുടെ മൂല്യം ഏകദേശം 100 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ ജി.ഡി.പിയുടെ മൂന്നിലൊന്നിന് തുല്യമാണിത്.
പട്ടികയിലുള്‍പ്പെട്ട 161 പേര്‍ക്ക് 10,000 കോടി രൂപയിലധികം ആസ്തിയുണ്ട്. 169 പേരുടെ ആസ്തി 5,000 കോടി രൂപയ്ക്കും 10,000 കോടി രൂപയ്ക്കും ഇടയിലാണ്. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും പ്രമോട്ടര്‍മാരും ചേര്‍ന്ന് ആകെ 24% പ്രമോട്ടര്‍ സമ്പത്ത് കൈവശം വയ്ക്കുന്നു. ഇതിന്റെ മൂല്യം ഏകദേശം 36 ലക്ഷം കോടി രൂപയാണ്.
മുംബയ് സമ്പന്നരുടെ തലസ്ഥാനം
577 വെല്‍ത്ത് ക്രിയേറ്റര്‍മാരുള്ള മുംബയ് ആണ് രാജ്യത്തിന്റെ സമ്പന്നരുടെ തലസ്ഥാനം. ആകെ ആസ്തിയുടെ 40 ശതമാനം ഇവരാണ് നിയന്ത്രിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 17 ശതമാനവും ബംഗളുരുവില്‍ എട്ട് ശതമാനവും അഹമ്മദാബാദില്‍ അഞ്ച് ശതമാനവും അതിസമ്പന്നന്മാരായ ഇന്ത്യക്കാരുണ്ട്. 40 വയസിന് താഴെയുള്ള 143 സജീവ വെല്‍ത്ത് ക്രിയേറ്റര്‍മാരാണ് ഇന്ത്യയിലുള്ളത്.
പുരുഷ മേധാവിത്വം
പട്ടികയിലെ 71 ശതമാനത്തോളം പേരും പുരുഷന്മാരാണ്. ആകെ ആസ്തിയുടെ 76 ശതമാനത്തോളമാണ് ഇവര്‍ക്കുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഫാര്‍മയിലെ മൊത്തം ശതകോടീശ്വരന്മാരുടെ 33 ശതമാനം സ്ത്രീകളാണ്. ധനകാര്യ മേഖലയിലിത് 24 ശതമാനമാണ്. ഇഷ അംബാനിയാണ് സ്ത്രീകളില്‍ ഏറ്റവും ധനികയായ ബിസിനസ് ഉടമ. 360 വണ്‍ വെല്‍ത്ത് ക്രിയേറ്റേഴ്സ് പട്ടികയിലെ മൊത്തം സമ്പത്തിന്റെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടെതാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി എന്റര്‍പ്രൈസസുമാണ് ആകെ ആസ്തിയുടെ 12 ശതമാനം നിയന്ത്രിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |