ലോകത്തിന് മുഴുവൻ പരിചിതമാണ് അംബാനി എന്ന പേര്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയെയും കുടുംബത്തെയും അറിയാത്തവർ വളരെ വിരളമായിരിക്കും. അംബാനി കുടുംബത്തിലെ ചടങ്ങുകൾക്ക് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരാണ് അണിനിരക്കുന്നത്. വാർത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും മറ്റും നിറയുന്നതിനാൽ ഓരോ അംബാനിമാരെയും ലോകത്തിന് പരിചിതമായിരിക്കും. എന്നാൽ ആളുകളിൽ നിന്നും ആരവങ്ങളിലും നിന്നും മാറിനിന്ന് കലയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന ഒരു അംബാനിയുണ്ട്. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും സഹോദരി ദീപ്തി സാൽഗോക്കർ.
ധീരുഭായ് അംബാനിയുടെയും കോകിലബെന്നിന്റെയും നാല് മക്കളിൽ ഇളയവളാണ് ദീപ്‌തി. മൂത്ത സഹോദരന്മാർ ചെറുപ്പം മുതൽ തന്നെ റിലയൻസ് സാമ്രാജ്യം വ്യാപിക്കുന്നതിൽ മുഴുകിയപ്പോൾ ദീപ്‌തിയുടെ മനസ് ഇവയിൽ നിന്നെല്ലാം അകന്നായിരുന്നു സഞ്ചരിച്ചിരുന്നത്. കോർപ്പറേറ്റ് മേഖലയോട് ദീപ്‌തിക്ക് ഒട്ടും താത്‌പര്യമുണ്ടായിരുന്നില്ല. സൗന്ദര്യശാസ്‌ത്രം, കലകൾ, സംസ്‌കാരം എന്നിവയായിരുന്നു ദീപ്‌തിയെ ആകർഷിച്ചത്. പിതാവിനോട് ഏറ്റവും അടുപ്പമുള്ളയാളും ദീപ്‌തിയായിരുന്നു. ഇളയ മകളുടെ ചിന്തകളെയും സ്വാതന്ത്ര്യബോധത്തെയും പിതാവും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു.
പനാജിയിലെ സുനപരാന്ത- ഗോവൻ സെന്റർ ഫോർ ആർട്‌സിന്റെ വൈസ് ചെയർപേഴ്‌സണാണ് ദീപ്‌തി ഇന്ന്. ഭർത്താവും വ്യവസായിയുമായ ദത്താരാജ് സാൽഗോക്കർ ആണ് ഇതിന്റെ സ്ഥാപകൻ. ഗോവയിലെ സാംസ്‌കാരിക ലോകത്തിന്റെ ഹൃദയമിടിപ്പായി നിലകൊള്ളുന്ന ഇടമാണിത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടുകയും തങ്ങളുടെ സൃഷ്ടികളും ആശയങ്ങളും പങ്കുവയ്ക്കുന്ന സ്ഥലമാണ് സുനപരാന്ത.
ദീപ്‌തിയുടെയും ദത്താരാജിന്റെയും പ്രണയകഥയും സിനിമാകഥാപോലെ മധുരിതമാണ്. മുംബയ് കാർമൈക്കൽ റോഡിലെ ഏറ്റവും പഴക്കമേറിയതും പ്രൗഢഗംഭീരവുമായ കെട്ടിടങ്ങളിലൊന്നായ ഉഷാ കിരണിന്റെ 22-ാം നിലയിലായിരുന്നു അംബാനി കുടുംബം പണ്ട് താമസിച്ചിരുന്നത്. കെട്ടിടത്തിന് എട്ട് നിലകൾക്ക് താഴെയാണ് സാൽഗോക്കർ കുടുംബം താമസിച്ചിരുന്നത്. ഖനനം, ഷിപ്പിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ സൽഗോക്കർ കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ദീപ്തി ദത്തരാജിനെ കണ്ടുമുട്ടിയത് ഉഷാ കിരണിൽ വച്ചായിരുന്നു. അഞ്ച് വർഷത്തിലേറെ നിശബ്ദമായി വികസിച്ച സൗഹൃദം പിന്നീട് 1983 ഡിസംബർ 31നാണ് വിവാഹത്തിൽ കലാശിച്ചത്.
ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ദത്താരാജ് വി.എം. സാൽഗോക്കർ ഗ്രൂപ്പിന്റെ തലവനാണ്. മാദ്ധ്യമരംഗത്തും ഹോസ്പിറ്റാലിറ്റിയിലും അദ്ദേഹം സ്വാധീനം ചെലുത്തുന്നുണ്ട്. സാൽഗോക്കർ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ കൂടിയായിരുന്നു ദത്താരാജ്. 2016ൽ ക്ളബ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |