ഇന്ത്യയിലെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയെ അടുത്ത കാലത്തൊന്നും ഇന്ത്യക്കാർ മറക്കില്ല. അതിന് കാരണം മറ്റൊന്നുമല്ല, മാസങ്ങൾക്ക് മുമ്പ് ലോകത്തെ തന്നെ ഞെട്ടിച്ച് നടത്തിയ അനന്തിന്റെ വിവാഹമായിരുന്നു. ലോകത്തിലെ ശത കോടീശ്വരന്മാർ എല്ലാവരും പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയയെയും ബിസിനസ് ലോകത്തെയും ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ അനന്ത് അംബാനിക്ക് റിലയൻസ് നൽകുന്ന ശമ്പളത്തിന്റെ കണക്കാണ് ചർച്ചയാകുന്നത്.
അനന്ത് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പുതിയ ചുമതലയുടെ ഭാഗമായി 10 കോടി മുതൽ 20 കോടി വരെ വാർഷിക ശമ്പളവും ലാഭവുമായി ബന്ധപ്പെട്ട കമ്മീഷനും നിരവധി എക്സിക്യൂട്ടീവ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു പോസ്റ്റൽ ബാലറ്റ് നോട്ടീസ് വഴി കമ്പനി ഓഹരി ഉടമകളെയാണ് ഇക്കര്യം അറിയിച്ചത്.
'ശമ്പളം, ആനുകൂല്യങ്ങൾ, അലവൻസുകൾ എന്നിവ പ്രതിവർഷം 10 കോടി മുതൽ 20 കോടി വരെയായിരിക്കും. ശമ്പളം, ആനുകൂല്യങ്ങൾ, അലവൻസുകൾ എന്നിവയ്ക്ക് പുറമേ, അറ്റാദായത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിഫലം സ്വീകരിക്കാൻ അനന്ത് എം. അംബാനിക്ക് അർഹതയുണ്ട്. താമസ സൗകര്യം അല്ലെങ്കിൽ വീട്ടുവാടക അലവൻസ്, ഗ്യാസ്, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കുള്ള അലവൻസുകൾ, കുടുംബത്തിനായുള്ള അവധി യാത്രാ ഇളവുകൾ, യാത്ര, താമസ ചെലവുകൾ (ജീവിതപങ്കാളിക്കും പരിചാരകർക്കും ഉൾപ്പെടെ), കമ്പനി നൽകുന്ന വാഹനങ്ങൾ, ആശയവിനിമയ ചെലവുകൾ, മെഡിക്കൽ റീഇംബേഴ്സ്‌മെന്റുകൾ, അനന്തിനും കുടുംബത്തിനും കമ്പനി നൽകുന്ന സുരക്ഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു'- കത്തിൽ വ്യക്തമാക്കി.
റിലയൻസിന്റെ പിന്തുടർച്ചയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുവടുവയ്പ്പായണ് മുകേഷ് അംബാനിയുടെ മക്കളുടെ നിയമനം. കഴിഞ്ഞ വർഷം അനന്തും സഹോദരങ്ങളായ ആകാശും ഇഷയും ആർഐഎൽ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിതരായപ്പോൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് അവർക്ക് ശമ്പളത്തിന് അർഹതയില്ലായിരുന്നു, പക്ഷേ 2023- 24 സാമ്പത്തിക വർഷത്തേക്ക് ഓരോരുത്തർക്കും 4 ലക്ഷം സിറ്റിംഗ് ഫീസും 97 ലക്ഷം കമ്മീഷനും ലഭിച്ചിരുന്നു.
2024 ഏപ്രിലിൽ, എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച മൂന്ന് സഹോദരങ്ങളിൽ ആദ്യത്തെയാൾ അനന്തായിരുന്നു. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അനന്ത്, ജിയോ പ്ലാറ്റ്‌ഫോംസ്, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് എന്നിവയുടെ ബോർഡുകളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |