ഫാഷൻ എന്ന വാക്കിന്റെ പര്യായമായിട്ടാണ് പലരും അംബാനി കുടുംബത്തെ കണക്കാക്കുന്നത്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും, ഭാര്യ നിത അംബാനിയും മക്കളും മരുമക്കളുമൊക്കെ ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്.
നിത അംബാനി പലപ്പോഴും അതിശയകരമായ പട്ടോല സാരികൾ ധരിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോടുള്ള, പ്രത്യേകിച്ച് പട്ടോള സാരികളോടുള്ള നിത അംബാനിയുടെ ഇഷ്ടം പ്രസിദ്ധമാണ്. കാണുമ്പോൾ സിമ്പിളായി തോന്നുമെങ്കിലും 900 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന പട്ടോള സാരികൾ വിലയുടെ കാര്യത്തിൽ അത്ര സിമ്പിളല്ല. 1.5 ലക്ഷം രൂപ തൊട്ടാണ് ഇത്തരം സാരികളുടെ വില ആരംഭിക്കുന്നത്.
ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പട്ടോള സാരി സമ്മാനിച്ചിരുന്നു. ഇതോടെ ഗുജറാത്തിലെ പ്രശസ്തമായ പട്ടോള കൈത്തറി ലോകമെമ്പാടും പ്രശസ്തിയാർജിച്ചു.
ഈ സാരിയുടെ പ്രത്യേകതകളെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് തലമുറകളായി ഇത്തരം സാരികൾ നിർമിക്കുന്ന സാൽവി കുടുംബം. സോളങ്കി രാജവംശത്തിലെ രാജാവ് കുമാർപാലിന് പട്ടോള വസ്ത്രങ്ങളോട് പ്രത്യേകമൊരു താത്പര്യമുണ്ടായിരുന്നു. ദിവസവും പൂജകൾ ചെയ്യുന്ന വേളയിൽ അദ്ദേഹം പട്ടോള ഉപയോഗിക്കാൻ ആഗ്രഹിച്ചു.
വർഷങ്ങൾ ഇത്രയും കടന്നുപോയെങ്കിലും പരമ്പരാഗത പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചാണ് ഇത്തരം സാരികൾ ഇപ്പോഴും തയ്യാറാക്കുന്നതെന്ന് സാൽവി കുടുംബത്തിലെ രോഹിത് വ്യക്തമാക്കി. ' സാധാരണ സിൽക്ക് സാരി പോലെ അച്ചടിച്ച ഡിസൈൻ ഉള്ള സാരിയല്ല ഇത്. പകരം, വളരെ സങ്കീർണ്ണമായ രീതിയിൽ ചായം പൂശിയും മറ്റുമാണ് ഇത് തയ്യാറാക്കുന്നത്. പട്ടോള സാരിയുടെ വില 1.5 ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപവരെയാണ്.
'സാരി തയ്യാറാക്കാൻ ഏകദേശം ആറ് മാസം വേണം. പത്തൊമ്പതോളം ഘട്ടങ്ങളായിട്ടാണ് ഇവ തയ്യാറാക്കുന്നത്. ഒരു സാരിയിൽ ശരാശരി 4 - 5 നിറങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു സാരി തയ്യാറാക്കാൻ എടുക്കുന്ന സമയം നിറങ്ങളുടെ എണ്ണത്തെയും ഡിസൈനുകളുടെ സങ്കീർണ്ണതയെയും ആശ്രയിച്ചിരിക്കുന്നു. ഒരു സാരി തയ്യാറാക്കാൻ 4 - 5 തൊഴിലാളികൾ വേണം, ഇതെല്ലാം ടീം വർക്കിന്റെ കാര്യമാണ്.' രോഹിത് സാൽവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |