ഇന്ത്യ - ഇംഗ്ളണ്ട് ആദ്യ ടെസ്റ്റിന് ഇന്ന് ലീഡ്സിൽ തുടക്കം
ലീഡ്സ് : വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും പടിയിറങ്ങിപ്പോയ, ശുഭ്മാൻ ഗിൽ എന്ന യുവനായകന്റെ കീഴിലുള്ള നവഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ആദ്യ പരീക്ഷണത്തിന് ഇന്ന് ഇംഗ്ളണ്ടിലെ ലീഡ്സിൽ തുടക്കമാകുന്നു.
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചുമത്സരപരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ലീഡ്സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിൽ തുടങ്ങുക. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ക്യാപ്‌ടനായി ശുഭ്മാൻ ഗില്ലിന്റെ ആദ്യ മത്സരം. മറുവശത്ത് പരിചയസമ്പന്നനായ ബെൻ സ്റ്റോക്സാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. കെ.എൽ രാഹുൽ,രവീന്ദ്ര ജഡേജ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ,സിറാജ് തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി,സായ് സുദർശൻ തുടങ്ങിയ യുവതാരങ്ങളും ഗില്ലിന് കീഴിൽ അണിനിരക്കും. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കുപ്പായമണിയാൻ കാത്തിരിക്കുന്ന കരുൺ നായരും സംഘത്തിലുണ്ട്. പരിശീലനത്തിനിടെ കരുണിനേറ്റ പരിക്കിനെക്കുറിച്ച് വ്യക്തത വന്നശേഷമേ ഇന്ത്യ പ്ളേയിംഗ് ഇലവനെ പ്രഖ്യാപിക്കുകയുള്ളൂ.
സ്വന്തം മണ്ണിലിറങ്ങുന്ന ഇംഗ്ളണ്ടിന്റെ സൂപ്പർ താരങ്ങൾ സ്റ്റോക്സും ജോ റൂട്ടും തന്നെ. സാക്ക് ക്രാവ്ലിയും ബെൻ ഡക്കറ്റുമാണ് ഓപ്പണർമാർ. ഒല്ലീ പോപ്പാണ് ഫസ്റ്റ് ഡൗൺ പൊസിഷനിലിറങ്ങുന്നത്. ജോ റൂട്ട് നാലാമനായിറങ്ങും. ഹാരി ബ്രൂക്ക്, ക്യാപ്ടൻ ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് എന്നിവർ മദ്ധ്യനിര ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടാൻ കഴിവുള്ളവരാണ്. ജാമീ സ്മിത്താണ് വിക്കറ്റ് കീപ്പർ. ബ്രണ്ടൻ കാഴ്സ്,ജോഷ് ടംഗ് എന്നിവരാണ് മറ്റ് പേസർമാർ. ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഷൊയ്ബ് ബഷീറാണുള്ളത്.
ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവൻ
സാക്ക് ക്രാവ്ലി, ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്, ജോ റൂട്ട് ,ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് , ക്രിസ് വോക്സ്,ജാമീ സ്മിത്ത്,ബ്രണ്ടൻ കാഴ്സ്,ജോഷ് ടംഗ്, ഷൊയ്ബ് ബഷീർ.
ഇന്ത്യൻ സ്ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ റെഡ്ഡി, ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ , ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ, അകാശ്ദീപ്,അർഷ്ദീപ്,കുൽദീപ് യാദവ്,ഹർഷിത് റാണ.
സമ്മർദ്ദം ഗംഭീറിന്
പുതിയ നായകനായ ഗില്ലിനെക്കാൾ ഈ പരമ്പര സമ്മർദ്ദേമേറ്റുന്നത് കോച്ച് ഗൗതം ഗംഭീറിനാണ്. ഗംഭീറിന് കീഴിൽ ഇന്ത്യ കളിച്ച അവസാന എട്ടുടെസ്റ്റുകളിൽ ആറിലും തോൽക്കേണ്ടിവന്നിരുന്നു. വിരാടിനും രോഹിതിനും വിരമിക്കേണ്ടിവന്നതും ഗംഭീറുമായി ചേർന്നുപോകാൻ കഴിയാത്തതിനാലാണ്. ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്ത കോച്ചാണെങ്കിലും ആ പദവിയിൽ തുടരണമെങ്കിൽ ഗംഭീറിന് ഇംഗ്ളണ്ട് പര്യടനത്തിന്റെ ഫലം നിർണായകമാണ്.
ലീഡ്സിലെ ഇന്ത്യ
7
മത്സരങ്ങളാണ് ലീഡ്സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിൽ ഇംഗ്ളണ്ടിനെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം; 1986ലും 2002ലും. നാലുകളികളിൽ തോറ്റു. ഒരു സമനില. 2021ൽ ഇവിടെ അവസാനമായി കളിച്ചപ്പോൾ ഇന്നിംഗ്സ് തോൽവിയായിരുന്നു ഫലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |