തൃശൂർ: കോൾ മേഖലയിലേക്ക് ജലമൊഴുക്ക് വർദ്ധിച്ചതോടെ തീരങ്ങളിൽ താമസിക്കുന്നവർ ആശങ്കയുടെ നിഴലിൽ. കമാന്റോ മുഖം തടയണ പൊട്ടിയതോടെ ചാഴൂർ, അന്തിക്കാട്, അരിമ്പൂർ പഞ്ചായത്തുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. ജലം ഒഴുകി പോകുന്നതിന് ഇപ്പോൾ അശാസ്ത്രീയമായ രീതിയിലാണ് പ്രവർത്തനം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുമ്പ് തോടുകളിലെ കുളവാഴകൾ നീക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. പീച്ചി ഡാം തുറന്നാൽ മണലി പുഴ വഴി കരുവന്നൂർ പുഴയിലേക്ക് എത്തുന്ന വെള്ളവും എത്തിചേരുന്നത് കോൾ മേഖലയിലേക്കാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ആലപ്പാട് പള്ളിപ്പുറം, പുള്ള് മനക്കൊടി, ശാസ്താം കടവ് റോഡുകളിലെല്ലാം വെള്ളം കയറിയിരുന്നു. ഇതിനകം തന്നെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.
മേഖലയിലേക്ക് ജലം എത്തുന്നത്
നഗരത്തിന്റെ തെക്കൻ മേഖലയിൽ ഒല്ലൂർ, കൂർക്കഞ്ചേരി, നെടുപുഴ, അവിണിശ്ശേരി, പാറളം പഞ്ചായത്ത്, വല്ലച്ചിറ പഞ്ചായത്തിന്റെ ഒരു ഭാഗം, ചേർപ്പ് ,ചാഴൂർ , താന്ന്യം, അന്തിക്കാട് പഞ്ചായത്തുകൾ, അരിമ്പൂർ പഞ്ചായത്ത് തെക്ക് ഭാഗം ഒപ്പം കരുവന്നൂർ പുഴയിൽ നിന്നുമുള്ള മൂന്നു മുഖങ്ങളായ കമാന്റോ മൗത്ത് , ചിറക്കൽ തോട്, കരാഞ്ചിറ ചീപ്പ് എന്നിവയിലൂടെയാണ് വെള്ളം മേഖലയിലേയ്ക്ക് എത്തുന്നത്. ഈ വെള്ളം കോൾനിലങ്ങൾക്കിടയിലൂടെയുള്ള പുത്തൻതോട് പുള്ള് പാലം, പെരുമ്പുഴ തോട് വഴി എനാമാവിലേക്ക് എത്തുന്നു.
നീരൊഴുക്ക് സുഗമമല്ല
പുത്തൻ തോടിന് കിഴക്ക് ഭാഗത്തുള്ള ജലം പുത്തൻ തോട്ടിലൂടെ തന്നെ ഒഴുക്കാൻ പുള്ള് പാലത്തിലും അതിനടുത്ത പാലത്തിലും അടിഞ്ഞുകൂടിയ കുളവാഴ, ചണ്ടി, കരിവാലി എന്നിവ നീക്കി നീരൊഴുക്ക് സുഗമമാക്കിയില്ല. ഇത് മൂലം കിഴക്കൻ മേഖലയിലെ മുഴുവൻ ജലവും, ഹെർബർട്ട് കനാൽ, ചിറക്കൽ തോട് , കരാഞ്ചിറ പുത്തൻതോട് വഴി ഒഴുകുന്ന ജലവും ചെറുക്കോൾ, ആലപ്പാട്, പുള്ള് പടവുകളിലേക്കിറക്കി അന്തിക്കാട് പടവു വഴി പാലക്കഴ വഴി കടത്തുകയാണ്. ഇതോടെ പുറത്തൂർ , ആലപ്പാട് , പുള്ള് , ചാഴൂർ, വള്ളൂർത്താഴം, അന്തിക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.
പരിഹാര നിർദ്ദേശങ്ങൾ
കരുവന്നൂർ പുഴയിൽ നിന്നുമുള്ള മൂന്നു മുഖങ്ങളിലും ഏറ്റവും ആധുനികമായ റഗുലേറ്ററുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കാൻ സംവിധാനവുമൊരുക്കുക
കാഞ്ഞാണി റോഡിൽ പാലക്കഴക്കും പെരുമ്പുഴ തോടിനും ഇടയിൽ പുതിയ വലിയ സ്ലൂയിസുകൾ നിർമ്മിക്കുക
പ്രധാന ചാലുകളും കരകളും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന എല്ലാ റോഡുകളിലും ബണ്ടുകളിലും നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ സ്ലൂയീസുകൾ നിർമ്മിക്കുക
17-ാം നമ്പർ ചാൽ പൊതുചാലിന്റെ രണ്ടറ്റത്തുമുള്ള സ്ലൂയിസുകളുടെ മേൽനോട്ടം പഞ്ചായത്തോ ഇറിഗേഷൻ വകുപ്പോ ഏറ്റെടുക്കുക
നഗരത്തിന്റെ തെക്ക് ഭാഗത്തെ പ്രദേശങ്ങളിൽ നിന്നെത്തുന്ന വെള്ളം കൃത്യമായി ഒഴുകി കടലിൽ പതിക്കുന്നതിനാവശ്യമായ ശാസ്ത്രീയമായ പഠനം ആവശ്യമാണ്. ഇതിന് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കണം
( കെ.വി. ഹരിലാൽ, ആലപ്പാട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |