കൊച്ചി: ഡോക്ടർമാരുടെ അനാസ്ഥയാൽ രോഗികൾ മരിച്ചതായി ആരോപണമുയരുന്ന കേസുകളിൽ രൂപീകരിക്കുന്ന വിദഗ്ദ്ധ സമിതിയുടെ പ്രവർത്തനത്തിന് മാർഗരേഖ കൊണ്ടുവരാൻ ഹൈക്കോടതി തീരുമാനിച്ചു. ആരോപണ വിധേയരിൽ നിന്ന് തെളിവെടുപ്പ് നടത്താതെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.മാർഗരേഖ രൂപീകരിക്കുന്നതിൽ കോടതിയെ സഹായിക്കാൻ അഡ്വ. എസ്. ആകാശിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോടും ആവശ്യപ്പെട്ടു.
ഡോക്ടർമാർ തങ്ങൾക്കെതിരായ കേസ് റദ്ദാക്കാൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
തങ്ങളെ കേൾക്കാതെയാണ് വിദഗ്ദ്ധസമിതി റിപ്പോർട്ട് തയാറാക്കിയതെന്നും പകർപ്പ് ലഭ്യമാക്കിയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. വിദഗ്ദ്ധസമിതി എങ്ങനെ പ്രവർത്തിക്കണമെന്നതിൽ പ്രത്യേക മാർഗ നിർദ്ദേശങ്ങളില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇത് പ്രതികളുടെ ശരിയായ വിചാരണയെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകും മുമ്പ് ആരോപണ വിധേയരായ ഡോക്ടർമാരുടെ വിശദീകരണവും കേൾക്കേണ്ടതുണ്ട്. അതിനാൽ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി. ഹർജികൾ ജൂലായ് 14ന് പരിഗണിക്കാൻ മാറ്റി. അതുവരെ ഹർജിക്കാർക്കെതിരെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ നിലവിലുള്ള കേസുകളുടെ തുടർനടപടികളും വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |