തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി ഭരണഘടനയെ അവഹേളിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻഗവർണർ ആരിഫ് ഖാനേക്കാൾ കടുത്ത രാഷ്ട്രീയ നിലപാടാണ് ആർ.വി.ആർലേക്കറുടേത്. ഭാരതാംബചിത്രം പാടില്ലെന്ന് മുഖ്യമന്ത്രി നിലപാടറിയിച്ചിട്ടും അഹങ്കാരത്തോടെയും ധിക്കാരത്തോടെയുമാണ് ചിത്രം വച്ചത്. ഭരണഘടനാപരമായ മാന്യതയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമാണ് നടത്തിയത്.
ഗവർണർ വിളിച്ചാൽ കുട്ടികൾ പോവില്ല. മാന്യമായ നിലപാടാണെന്ന് കരുതിയാണ് കുട്ടികളെ പോവാൻ അനുവദിച്ചത്. കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. രാജ്ഭവൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കുടുംബസ്വത്തോ കുത്തകയോ അല്ല. ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പക്ഷപാതപരവുമായ നിലപാടെടുത്താൽ ഗവർണറെ ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ല. കുട്ടികൾ കണ്ടിട്ടില്ലാത്ത ചിത്രം വച്ചത് അവരിൽ ആർ.എസ്.എസ് ആശയം കടത്തിവിടാനാണ്.
ആർ.എസ്.എസിന്റെ കാര്യാലയത്തിൽ ചെയ്യുന്നതാണ് രാജ്ഭവനിൽ ചെയ്യുന്നത്. ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബ ചിത്രം പറ്റില്ല. ഭരണഘടനയിൽ എവിടെയാണ് കാവിക്കൊടിയേന്തിയ വനിതയെ പൂജിക്കണമെന്ന് പറയുന്നത്. ഇതൊന്നും കേരളത്തിൽ നടപ്പില്ല. ആർ.എസ്.എസിന്റെ കൊടിയും ചിഹ്നവുമായി രാജ്ഭവൻ മുന്നോട്ടു പോവട്ടെ, അപ്പോൾ കാണാമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെത്തിയത്
കരുതലോടെ: രാജ്ഭവൻ
പരിപാടിക്കിടെ മന്ത്രി ഇറങ്ങിപ്പോയത് പെരുമാറ്റദൂഷ്യവും തെറ്റായ കീഴ്‌വഴക്കവുമാണെന്നും തെറ്റായ മാതൃക സൃഷ്ടിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗവർണർ വേദിവിടുംവരെ സദസിലും വേദിയിലുമുള്ളവർ പരിപാടി വിട്ടുപോവരുതെന്നതാണ് പ്രോട്ടോക്കോൾ. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗവുമായാണ് മന്ത്രി വേദിയിലെത്തിയത്. കരുതലോടെയാണ് എത്തിയതെന്നതിന്റെ സൂചനയാണിത്. ഇറങ്ങിപ്പോയത് ഗവർണറെ അറിയിച്ചതുമില്ല.
ഭാരതാംബയെ മന്ത്രിക്ക് അറിയില്ലെന്നത് ഖേദകരമാണ്. പുരസ്കാരം വാങ്ങാനെത്തിയ അച്ചടക്കമുള്ള സ്കൗട്ട്സിന്റെയും ഗൈഡ്സിന്റെയും മുന്നിലായിരുന്നു മന്ത്രിയുടെ 'പ്രകടനം'എന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. മന്ത്രി വിദ്യാർത്ഥികളെ അപമാനിക്കുകയും അവർക്ക് തെറ്റായ മാതൃക കാട്ടുകയും ചെയ്തു. ഈ സാഹചര്യങ്ങളെ അങ്ങേയറ്റത്തെ ആശങ്കയോടെയാണ് രാജ്ഭവൻ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |