തിരുവനന്തപുരം: പാടും പാട്ടെഴുതും പാട്ടിന് സംഗീതം നൽകും, ഇനി അഭിനയിക്കാനാണെങ്കിൽ അതിനും ഗായിക പ്രമീള റെഡി. സ്വന്തം വരികളിൽ പ്രമീള പാടിയത് 90ലേറെ ഗാനങ്ങൾ. ഇതിൽ നാല്പതിലേറെ ഗാനങ്ങൾക്ക് സംഗീതവും നൽകി. ഇതിനിടെ ഒന്നും പറയാതെ... എന്ന ആൽബത്തിലെ 'ഏതോ ജന്മ...' എന്ന ഗാനത്തിൽ അഭിനയിച്ചു. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി കൂടിയായ പ്രമീള ഔദ്യോഗിക തിരക്കൊഴിയുമ്പോഴാണ് സംഗീതത്തിലേക്ക് കടക്കുന്നത്.
കാര്യവട്ടത്ത് ജനിച്ചു വളർന്ന പ്രമീളയിലെ ഗായികയെ കണ്ടെത്തിയത് സ്കൂൾ അദ്ധ്യാപകരാണ്. പിന്നെ ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെ പ്രമീള ശ്രദ്ധേയായി. 1996ലും 2003ലും മികച്ച നാടകഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. പിന്നീട് സിനിമാപിന്നണി ഗായികയായി. 2010ലാണ് പാട്ടെഴുതിത്തുടങ്ങിയത്. ട്യൂൺ മനസിൽ വരുമ്പോൾ വരികളെഴുതി. പിന്നീട് ആ ഗാനങ്ങൾ പാടി, ആദ്യം സി.ഡി രൂപത്തിലും പിന്നീട് യു ട്യൂബിലൂടെയും.
ട്യൂണിനുസരിച്ച് പാട്ടെഴുതുക എന്നത് അത്ര ഈസിയല്ലെന്ന് പ്രമീള.
''ട്യൂൺ പഠിക്കണം. എഴുതുമ്പോൾ അർത്ഥം ചോരാനും പാടില്ല. ട്യൂണും സീനും മനസിലാക്കിയാൽ പാട്ടിനു പറ്റിയ കുറച്ചു വാക്കുകൾ ആദ്യമെഴുതും. പിന്നീട് താളത്തിനുസരിച്ച് മാറ്റും. എഴുതുമ്പോൾ താളവും ഒഴുക്കുമാണ് നോക്കുന്നത്''. സീരിയലുകൾക്ക് പശ്ചാത്തലഗാനവും എഴുതി പാടാറുണ്ട്. മഞ്ഞുരുകുംകാലം,സ്ത്രീപദം,ഭ്രമണം തുടങ്ങിയ സീരിയലുകളിലെ പാട്ടെഴുത്തും ആലാപനവും പ്രമീളയാണ്. സാനന്ദ് ജോർജാണ് സംഗീതം.
വിനീത് ശ്രിനിവാസനൊപ്പം തുടക്കം
ജൂബിലി എന്ന ചിത്രത്തിൽ വിനിത് ശ്രീനിവാസനൊപ്പം ''ശാരികേ...' എന്ന ഗാനം പാടിക്കൊണ്ടായിരുന്നു സിനിമയിലേക്കുള്ള എൻട്രി. 2008ൽ ഗുൽമോഹർ എന്ന സിനിമയിൽ ഒ.എൻ.വി കുറുപ്പിന്റെ രചനയിൽ ജോൺസൺ സംഗീതം നൽകിയ 'കാനനത്തിലേ...' എന്ന ഗാനം ഹിറ്റുകളിലൊന്നാണ്. തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിൽ 'അരുന്ധതി...' എന്ന ഗാനം എഴുതുകയും പാടുകയും ചെയ്തു. പട്ടാഭിരാമൻ സിനിമയിൽ പശ്ചാത്തലഗാനമെഴുതി. ദൂരദർശന്റെ കഴിഞ്ഞ വർഷത്തെ ഓണപ്പാട്ട് മുഴുവൻ എഴുതി സംഗീതം നൽകി പാടി.
ഏജീസ് ഓഫീസ് ഉദ്യോഗസ്ഥൻ ബിജുവാണ് ഭർത്താവ്. മക്കൾ: പ്രിയങ്ക രാജധാനി എൻജിനിയറിംഗ് കോളേജ് അദ്ധ്യാപികയാണ്. ഇളയവൾ പ്രിതിക പ്ലസ് ടു വിദ്യാർത്ഥിനിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |