തിരുവനന്തപുരം: രാജ് ഭവനിലെ പരിപാടിയുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രി ഭരണഘടനാ രീതി ലംഘിച്ചെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക ചടങ്ങിൽ ആർ.എസ്.എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
വ്യക്തികൾക്ക് അവരവരുടേതായ വിശ്വാസങ്ങൾ പുലർത്താൻ അവകാശമുണ്ട്. എന്നാൽ സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിച്ച ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഗവർണർ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ കൊടികളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടും അതിനനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയ്യാറാകുന്നില്ല. സർക്കാരിന്റെ ഔദ്യോഗിക പരിപാടി ആർ.എസ്.എസ് പരിപാടിയാക്കുകയാണ് . ആർ.എസ്.എസ് അടയാളങ്ങൾ സർക്കാർ പരിപാടികളിലേക്ക് തിരുകിക്കയറ്റുകയാണ്.
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തെറ്റായ പ്രചാരണങ്ങൾ തുറന്നു കാട്ടാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള യു.ഡി.എഫ് ശ്രമം ജനം തള്ളി. ഇടത് സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ വലിയ സ്വീകാര്യത നേടാനായി. നല്ല നിലയിലുള്ള വിജയം സ്വരാജിന് കിട്ടും. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു.ഡി.എഫിൽ വലിയ പൊട്ടിത്തെറിയുണ്ടാവും. ആർ.എസ്.എസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾ പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ ചർച്ചയും സ്വയം വിമർശനവുമൊന്നുമില്ല. അൻവറുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനുദ്ദേശിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |