കണ്ണൂർ: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തളളി ആൺസുഹൃത്ത്. 40കാരിയായ റസീനയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആൺസുഹൃത്ത് പൊലീസിൽ മൊഴി നൽകി. ഇൻസ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടതെന്നും ആൺസുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാൾ പിണറായി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായത്.
സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുത്തന്നെ ഈ കേസിൽ ആൺസുഹൃത്തിന്റെ മൊഴി നിർണായകമാകും. സംഭവത്തിൽ എസ്‌ഡിപിഐ പ്രവർത്തകരായ വിസി മുബഷിർ, കെഎ ഫൈസൽ, വികെ റഫ്നാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്‌ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്നുമുള്ള വിവരം നേരത്തേ പുറത്തുവന്നിരുന്നു. യുവാവിന്റെ മൊബൈൽ ഫോണും ടാബും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടയിൽ റസീനയുടെ കുടുംബം ആൺസുഹൃത്തിനെതിരെ രംഗത്തെത്തിയിരുന്നു. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തത് ആൺസുഹൃത്താണെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നുമാണ് മാതാവ് ഫാത്തിമ വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |