ചെന്നൈ: പ്രായം വെറും അക്കങ്ങളാണെന്നും എഴുപത്തിമൂന്നാം വയസിലും ശാരീരികമായി താൻ ഫിറ്റാണെന്നും തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് ഗവർണർ രവീന്ദ്ര നാരായണ രവി (ആർ എൻ രവി). അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മധുരയിലെ വേലമ്മാൾ ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ‌്യൂഷൻസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യോഗാഭ്യാസത്തിനുശേഷം തുടർച്ചയായി 51 പുഷ് അപ്പുകൾ എടുത്താണ് അദ്ദേഹം യുവാക്കളെപ്പോലും വിസ്മയിപ്പിച്ചത്.
ട്രാക്ക് സ്യൂട്ടും, വെള്ള ടീ ഷർട്ടും ഷൂസും ധരിച്ചെത്തിയ അദ്ദേഹം യോഗയുടെ ഓരോ ആസനങ്ങളും കൃത്യതയോടെയും സമചിത്തതയോടെയുമാണ് ചെയ്തത്. അതിനുശേഷമാണ് നിറുത്താതെ പുഷ് അപ്പുകൾ എടുത്ത് ഞെട്ടിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് പരിശീലന സമയത്ത് യോഗയും ഉണ്ടായിരുന്നു. അന്നുമുതൽ അദ്ദേഹം യോഗ പതിവാക്കിയിരുന്നത്രേ. അതാണ് കൃത്യതയോടെ ആസനങ്ങളെല്ലാം ചെയ്യാനായത്. മധുരയിൽ 10000ത്തിലധികം വിദ്യാർത്ഥികൾക്കൊപ്പമാണ് അദ്ദേഹം യോഗ ചെയ്തത്.
ഗവർണറുടെ പുഷ് അപ്പ് പ്രകടനം കണ്ട് അവിടെയുണ്ടായിരുന്നവർ ശരിക്കും അന്തംവിട്ടു. മുന്നിൽക്കാണുന്നത് തങ്ങൾക്ക് അവിശ്വസനീയമായി തോന്നി എന്നാണ് ചിലർ പറഞ്ഞത്. തങ്ങളുടെ മുന്നിൽ പുഷ് അപ്പുകൾ എടുക്കുന്നത് 73 കാരനാണോ മുപ്പതുകാരനാണോ എന്ന് സംശയം തോന്നിയെന്നും അവർ പറഞ്ഞു. യോഗാഭ്യാസവും പുഷ് അപ്പുകളും കഴിഞ്ഞ് ശരിക്കും കൂളായി അദ്ദേഹം മടങ്ങുകയും ചെയ്തു.
പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനമാണ് ഇന്ന്. 'യോഗ ഭൂമിക്കും ആരോഗ്യത്തിനും' എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |