ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനമായി. നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും.
നിലവിലെ 12%, 28% സ്ളാബുകൾ നിറുത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് തീരുമാനം. 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾക്കും ഹിതകരമല്ലാത്തവയ്ക്കും 40 % ജി.എസ്.ടി ഏർപ്പെടുത്തും. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.
വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം. ഇതേ ആവശ്യം ഹിമാചൽപ്രദേശ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, ജമ്മുകാശ്മീർ, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും ഉന്നയിച്ചു.
എ.സി, വാഷിംഗ് മെഷീൻ, ടി.വി, സിമന്റ്, 1200 സിസി വരെയുള്ള ചെറുകാറുകൾ, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ആംബുലൻസ് എന്നിവയുടെ ജി.എസ്.ടി 28%ൽ നിന്ന് 18% ആയി കുറയും .
2500 രൂപ വരെ വിലയുള്ള തുണിത്തരങ്ങളും ചെരുപ്പുകളും, ടൂത്ത് പേസ്റ്റ്, സോപ്പ്-ഷാമ്പു, കോൺഫ്ളേക്സ്, പേസ്ട്രി, ബിസ്ക്കറ്റ്, ഐസ്ക്രീം, മിനറൽ വാട്ടർ എന്നിവ 18%ൽ നിന്ന് 5%ത്തിലേക്ക് മാറും. ട്രാക്ടർ, രാസവളം, കീടനാശിനികൾ, ബട്ടർ, ഡ്രൈ നട്ട്സ്, ഉപ്പുള്ള പലഹാരങ്ങൾ എന്നിവയുടെ ജി.എസ്.ടി 12%ൽ നിന്ന് 5%ലേക്ക് മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |