മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനലിൽ സംസ്ഥാനത്തെ ആദ്യ എ.സി ഫാമിലി വെയ്റ്റിംഗ് റൂം ഒരുങ്ങുന്നു. 330 സ്ക്വയർഫീറ്റിൽ മികച്ച സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വെയ്റ്റിംഗ് റൂമിൽ 24 പേർക്ക് ഇരിക്കാനാവും. ഫീഡിംഗ് റൂം സൗകര്യവുമുണ്ട്. പൂർണ്ണമായും ഗ്ലാസ് കൊണ്ടാണ് ചുമരുകൾ എന്നതിനാൽ ബസുകൾ വരുന്നത് കാണാനാവും. ഫീഡിംഗ് റൂമിന് സ്വകാര്യത ഉറപ്പാക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഭാഗങ്ങളായി തിരിക്കും. സ്വകാര്യ മൊബൈൽ കമ്പനിയാണ് സൗജന്യമായി വെയ്റ്റിംഗ് റൂം നിർമ്മിച്ചു നൽകുന്നത്. തുടർപരിപാലനവും ജീവനക്കാരും കെ.എസ്.ആർ.ടി.സി ഒരുക്കണം. മണിക്കൂറിന് 20 രൂപ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുകയും ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനാലും രാത്രി വൈകിയും മറ്റും കെ.എസ്.ആർ.ടി.സിയിൽ എത്തുന്നവർക്കുള്ള സുരക്ഷിത ഇടം കൂടിയാവും ഇത്.
കാത്തിരിപ്പിന് 27ന് വിരാമം
എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ ഈ മാസം 27ന് നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. മേയ് 25ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പണി പൂർത്തിയാവാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമ്മാണം നീണ്ടുപോയി. യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ 10, താഴത്തെ നിലയിൽ നാല് കടമുറികൾക്കാണ് സ്ഥലം ലഭ്യമായിട്ടുള്ളത്. മുഴുവൻ കടമുറികളും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. മാസം അഞ്ച് ലക്ഷം രൂപ ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും.
ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 7.90 കോടി രൂപയാണ് അനുവദിച്ചത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും പി.ഉബൈദുള്ള എം.എൽ.എ അനുവദിച്ച രണ്ട് കോടി മണ്ഡലം ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ചുറ്റുമതിലും നാലാംനിലയുടെ ഫിനിഷിംഗ് പണികളും രണ്ടാംഘട്ടത്തിൽ നടപ്പിലാക്കും. പി.ഉബൈദുള്ള എം.എൽ.എയുടെ നിരന്തര ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നിർമ്മാണം തന്നെ നിലച്ച ബസ് ടെർമിനലിന് ജീവനേകിയത്.
മലപ്പുറത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് കെ.എസ്.ആർ.ടി.സി ടെർമിനൽ. മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാനുള്ള ശ്രമം നടത്തും.
പി.ഉബൈദുള്ള എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |